ഹൈദരാബാദ്: ഫീസ് അടയ്ക്കാത്തിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതില്‍ മനംനൊന്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ഹൈദരാബാദിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
സായി ദീപ്തി എന്ന പെണ്‍കുട്ടിയാണ് പരീക്ഷയെഴുതാന്‍ കഴിയാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് ആയിരുന്നു സംഭവം. ഫീസ് അടച്ചിട്ടില്ലാന്ന് പറഞ്ഞ് മറ്റുകുട്ടികളുടെ ഇടയില്‍ വെച്ച് തന്നെ ആക്ഷേപിച്ച് ഇറക്കിവിടുകയായിരുന്നെന്ന് മരണപ്പെട്ട കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നു.
പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതാണ് ജീവനൊടുക്കാന്‍ കാരണമെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
‘അവര്‍ എന്നെ പരീക്ഷ എഴുതാന്‍ സമ്മതിച്ചില്ല. അമ്മ ക്ഷമിക്കണം’ സായ് ദീപ്തി ആത്മഹത്യാ കുറിപ്പില്‍ എഴുതി. സ്‌കൂള്‍ ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ മറ്റു കുട്ടികളുടെ മുന്നില്‍വച്ച് അധ്യാപകര്‍ അവഹേളിച്ചതായി സായി ദീപ്തി പറഞ്ഞിരുന്നെന്ന് സഹോദരി വെളിപ്പെടുത്തി. ഈ സംഭവം സായി ദീപ്തിയെ വല്ലാതെ ബാധിച്ചിരുന്നതായും സഹോദരി പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ മാനേജ്മെന്റിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.