ജീര്‍ണതയുടെ അപവാദ പ്രചരണം തുടരട്ടെ… സ്പര്‍ശിക്കാനോ പോറലേല്‍പിക്കാനോ ആവില്ല ഞങ്ങളുടെ സൗഹൃദത്തെ; ഷാനിക്കൊപ്പമുള്ള ചിത്രത്തിന് വിശദീകരണവുമായി എം. സ്വരാജ് എം.എ.എ

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ അനാവശ്യ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്ന മനോരമ ന്യൂസ് വാര്‍ത്ത അവതാരക ഷാനി പ്രഭാകറുമൊത്തുള്ള തന്റെ ചിത്രത്തിന് വിശദീകരണവുമായി എം. സ്വരാജ് എം.എല്‍.എ. മാധ്യമ പ്രവര്‍ത്തകയായ ഷാനി കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ സ്വരാജിന്റെ പ്രതികരണം. ഈ വിഷയത്തില്‍ പ്രതികരണം വേണ്ടെന്നു കരുതിയതാണ്. സ്ത്രീവിരുദ്ധതയുടെ അക്രമണോത്സുകത എത്രമാത്രമാണെന്ന് കണ്ടപ്പോള്‍ സൂചിപ്പിക്കുന്നുവെന്നു മാത്രമെന്ന് സ്വരാജ് പറഞ്ഞു.

‘ഷാനി പ്രഭാകരന്‍ എന്നെ സന്ദര്‍ശിച്ചതിന്റെ പേരില്‍ എന്തൊക്കെ ചര്‍ച്ചകളാണ് നടക്കുന്നത്. ഞാനും ഭാര്യയും താമസിക്കുന്ന ഫ്ലാറ്റിലാണ് ഞങ്ങളിരുവരുടെയും നിരവധി സുഹൃത്തുക്കള്‍ പലപ്പോഴും വരാറുള്ളത്. സൗഹൃദ സന്ദര്‍ശനങ്ങള്‍ക്ക് രാഷ്ട്രീയ മാനമോ മറ്റ് അര്‍ത്ഥങ്ങളോ കല്‍പിക്കുന്നതെന്തിന് ?’ സ്വരാജ് ചോദിക്കുന്നു.

സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഷാനി പ്രഭാകരന്‍ എന്നെ സന്ദര്‍ശിച്ചതിന്റെ പേരില്‍ എന്തൊക്കെ ചര്‍ച്ചകളാണ് നടക്കുന്നത്.
ഞാനും ഭാര്യയും താമസിക്കുന്ന ഫ്ലാറ്റിലാണ് ഞങ്ങളിരുവരുടെയും നിരവധി സുഹൃത്തുക്കള്‍ പലപ്പോഴും വരാറുള്ളത്. സൗഹൃദ സന്ദര്‍ശനങ്ങള്‍ക്ക് രാഷ്ട്രീയ മാനമോ മറ്റ് അര്‍ത്ഥങ്ങളോ കല്‍പിക്കുന്നതെന്തിന് ?
ഷാനി പല സന്ദര്‍ശകരില്‍ ഒരാളല്ല. എന്റെ അടുത്ത സുഹൃത്താണ്. ഏറെക്കാലമായുള്ള സൗഹൃദമാണ് ഞങ്ങളുടേത്. രാഷ്ട്രീയക്കാരനും മാധ്യമ പ്രവര്‍ത്തകയുമാവുന്നതിന് മുമ്പേ ഞങ്ങള്‍ സുഹൃത്തുക്കളാണ്. രാഷ്ട്രീയത്തിലും മാധ്യമ പ്രവര്‍ത്തനത്തിലുമുള്ള ശക്തമായ വിയോജിപ്പുകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമിടയിലും ഉലയാത്ത സൗഹൃദം. പരസ്പരം തിരുത്തിയും ഇണങ്ങിയും പിണങ്ങിയും ഒരുമിച്ചു നടക്കുന്നവരാണ് ഞങ്ങള്‍. ജീര്‍ണതയുടെ അപവാദ പ്രചരണം തുടരട്ടെ. സ്പര്‍ശിക്കാനോ പോറലേല്‍പിക്കാനോ ആവില്ല ഈ സൗഹൃദത്തെ. എക്കാലവും ഞങ്ങള്‍ സുഹൃത്തുക്കളായിരിക്കും.
ഈ വിഷയത്തില്‍ പ്രതികരണം വേണ്ടെന്നു കരുതിയതാണ്. സ്ത്രീവിരുദ്ധതയുടെ അക്രമണോത്സുകത എത്രമാത്രമാണെന്ന് കണ്ടപ്പോള്‍ സൂചിപ്പിക്കുന്നുവെന്നു മാത്രം.

Similar Articles

Comments

Advertismentspot_img

Most Popular