ഐപിഎല്‍ ലേലത്തില്‍ സഞ്ജുവിന് മോഹവില, രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത് എട്ട് കോടിക്ക്

ബെംഗലൂരു: ഐപിഎല്ലിന്റെ പതിനൊന്നാം എഡീഷനിലേക്കുള്ള താരലേലത്തില്‍ മലയാളി താരം സഞ്ജു വി.സാംസണെ എട്ട് കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. സഞ്ജുവിന്റെ അടിസ്ഥാന വില ഒരു കോടിയായിരുന്നു. ഇത്രയും തുക പ്രതീക്ഷിച്ചിരുന്നില്ലെന്നും രാജസ്ഥാനിലേക്ക് പോകുന്നത് സ്വന്തം തറവാട്ടിലേക്ക് പോകുന്നത് പോലെയാണെന്നും സഞ്ജു പ്രതികരിച്ചു. എന്നാല്‍ പരിശീലനം ദ്രാവിഡിന്റെ കീഴിലല്ലാത്തത് ദുഃഖകരമാണെന്നും സഞ്ജു പറഞ്ഞു.

ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സാണ് ഇതുവരെയുള്ളതിലെ വിലയേറിയ താരം. 12.5 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്റ്റോക്‌സിനെ സ്വന്തമാക്കി. കെ.എല്‍.രാഹുലിനെ കിങ്സ് ഇലവന്‍ പഞ്ചാബ് 11 കോടിക്ക് സ്വന്തമാക്കി.കരുണ്‍ നായരെ 5.6 കോടിക്ക് കിങ്സ് ഇലവന്‍ പഞ്ചാബും സ്വന്തമാക്കി. ഓസ്‌ട്രേലിയന്‍ പേസ് ബോളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ 9.4 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സ്വന്തമാക്കി.അതേ സമയം, സണ്‍റൈസേഴ്സ് ഹൈദരാബാദ് ശിഖര്‍ ധവാനെ 5.20 കോടി രൂപക്ക് നിലനിര്‍ത്തി. റൈറ്റ് ടൂ മാച്ച് കാര്‍ഡ് വഴിയാണ് ധവാനെ നിലനിര്‍ത്തിയത്. കിങ്സ് ഇലവന്‍ പഞ്ചാബ് ആര്‍.അശ്വിനെ 7.60 കോടിക്ക് സ്വന്തമാക്കി. കിറോണ്‍ പൊള്ളാര്‍ഡിനെ 5.40 കോടിക്ക് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തി. എന്നാല്‍, ക്രിസ് ഗെയിലിനെ ഇത് വരെ ഒരു ടീമും സ്വന്തമാക്കിയിട്ടില്ല.

ഗെയിലിനായി നാളെ വീണ്ടും ലേലം നടത്തും. ഗെയിലിന്റെ അടിസ്ഥാന വിലയായ രണ്ട് കോടി മുടക്കാന്‍ ഒരു ടീമും ധൈര്യപ്പെട്ടില്ല. ഗെയിലിന്റെ ശാരീരീരിക ക്ഷമതയില്ലായ്മയാണ് ടീം ഉടമകളെ ആശങ്കയിലാഴ്ത്തുന്നതെന്നാണ് സൂചന. യുവരാജ് സിങിനെ പഞ്ചാബ് റോയല്‍സ് അടിസ്ഥാന വിലയായ രണ്ട് കോടിക്ക് സ്വന്തമാക്കി. 6.4 കോടിക്ക് ഡൈ്വന്‍ ബ്രാവോയെ ചെന്നൈ സ്വന്തമാക്കി. 2.8 കോടിക്ക് ഗൗതം ഗംഭീര്‍ ഡല്‍ഹി ടീമിലേക്ക് ചേക്കേറി. നാലു കോടിക്ക് രഹാനെ രാജസ്ഥാന്‍ റോയല്‍സിലേക്ക് വരും.

Similar Articles

Comments

Advertismentspot_img

Most Popular