ജൊഹാനസ്ബര്‍ഗ്: ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്… ഇനി രണ്ടുദിവസം ബാക്കിനില്‍ക്കേ ദക്ഷിണാഫ്രിക്കയ്ക്ക് 241 റണ്‍സ് വിജയലക്ഷ്യം. 49/1 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 247 റണ്‍സിന് എല്ലാവരും പുറത്തായി. ആദ്യ ഇന്നിംഗ്‌സിലെ ഏഴു റണ്‍സിന്റെ കടം ഒഴിവാക്കിയാല്‍ ആതിഥേയര്‍ക്കു ജയിക്കാന്‍ വേണ്ടത് 241 റണ്‍സ്.
അജിന്‍ക്യ രഹാനെ(48), വിരാട് കോഹ്ലി(41) എന്നിവര്‍ക്കൊപ്പം വാലറ്റത്ത് ഭുവനേശ്വര്‍ കുമാര്‍(33), മുഹമ്മദ് ഷാമി(27) എന്നിവര്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യക്ക് ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ആവശ്യമായ നേരത്ത് മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യക്കായി. ഒപ്പം ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകള്‍ കൂടിയായതോടെ ഇന്ത്യ ഭേദപ്പെട്ട നിലയിലേക്ക് എത്തി.
നാലാം വിക്കറ്റില്‍ മുരളി വിജയ്(25) വിരാട് കോഹ്ലിയുമൊത്ത് നേടിയ 53 റണ്‍സ്, ഏഴാം വിക്കറ്റില്‍ രഹാനെഭുവനേശ്വര്‍ കുമാര്‍ കൂട്ടുകെട്ട് നേടിയ 55 റണ്‍സ്, എട്ടാം വിക്കറ്റില്‍ ഭുവിഷാമി കൂട്ടുകെട്ട് നേടിയ 35 റണ്‍സ് എന്നിവ ഇന്ത്യന്‍ ഇന്നിംഗ്‌സിലെ വിലപ്പെട്ട സംഭാവനകളായിരുന്നു. ചേതേശ്വര്‍ പുജാര(1), ഹാര്‍ദിക് പാണ്ഡ്യ(4) എന്നിവര്‍ക്കു തിളങ്ങാന്‍ കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്കയ്ക്കായി കാസിഗോ റബാദ, മോണ്‍ മോര്‍ക്കല്‍, വെറോണ്‍ ഫിലാന്‍ഡര്‍ എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ നേടി. ലുംഗി എന്‍ഗിഡിക്ക് ഒരു വിക്കറ്റ് കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.
Leave a Comment