ന്യൂഡല്‍ഹി: പദ്മാവത് സിനിമയ്ക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ കുട്ടികള്‍ക്ക് നേരെ അക്രമം അഴിച്ചു വിട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ആദ്യം മുസ്ലീങ്ങളെ കൊലപ്പെടുത്തിയ അവര്‍ പിന്നീട് ദളിതരെ അഗ്നിക്കിരയാക്കി. ഇപ്പോഴിതാ അവര്‍ കുട്ടികള്‍ക്ക് നേരെയും അക്രമം അഴിച്ചുവിട്ടിരിക്കുന്നു. വീടുകളില്‍ അതിക്രമിച്ചു കയറാനുളള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താതിരിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനത്തിന് വളരെ അടുത്ത് കുട്ടികള്‍ക്ക് നേരെ ഇങ്ങനെ ഒരു ആക്രമണമുണ്ടായത് രാജ്യത്തിന് തന്നെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യം മുസ്ലീങ്ങളെഅവര്‍ കൊലപ്പെടുത്തി. പിന്നീട് ദളിതരെ അവര്‍ ജീവനോടെ ചുട്ടെരിച്ചു. ഇപ്പോള്‍ അവര്‍ നമ്മുടെ വീടുകളിലേക്ക് അതിക്രമിച്ച് കയറുകയാണ്. ഇനിയും മിണ്ടാതിരിക്കരുത്.വര്‍ഗീയ ശക്തികള്‍ക്കെതിരെ ശബ്ദിക്കണമെന്നും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു.
ഇത് രാമന്റെയും കൃഷ്ണന്റെയും ഗൗതമ ബുദ്ധന്റെയും മഹാവീരന്റെയും ഗുരു നാനാക്കിന്റെയും കബീറിന്റെയും മീരയുടെയും നബി പ്രവാചകന്‍, യേശുക്രിസ്തു എന്നിവരുടെ പിന്‍തലമുറക്കാരുടെയും നാടാണ്.ഏത് മതമാണ് കുട്ടികള്‍ക്ക് നേരെ അതിക്രമം നടത്താന്‍ ആഹ്വാനം ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. കുട്ടികള്‍ക്കെതിരെ കല്ലേറ് നടത്തിയവര്‍ക്കെതിരെ കടുത്ത ശിക്ഷ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു