കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കങ്ങളുമായി പോലീസ്. കേസിന്റെ അനുബന്ധ കുറ്റപത്രത്തോടൊപ്പം പോലീസ് സമര്‍പ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പും ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിനു പിന്നാലെയാണ് പോലീസ് നീക്കം.
ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സുരേശന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നടിക്കെതിരായി ദിലീപ് നടത്തിയ പരാമര്‍ശങ്ങള്‍ ജാമ്യം റദ്ദാക്കാന്‍ പര്യാപ്തമാണെന്നാണ് പോലീസിന്റെ അനുമാനം.
കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ള രേഖകള്‍ ലഭിക്കാന്‍ പ്രതിക്ക് അവകാശമുണ്ടെന്നു കാട്ടിയാണ് നടന്‍ ദിലീപ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. കുറ്റപത്രത്തോടൊപ്പം പോലീസ് സമര്‍പ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പും നടന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ദൃശ്യങ്ങളിലെ സൂക്ഷ്മ ശബ്ദങ്ങളെ പരാമര്‍ശിച്ച് ദിലീപ് നിരത്തിയ വാദത്തെയാണ് പ്രോസിക്യൂഷന്‍ എതിര്‍ക്കുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളിലെ സൂക്ഷ്മ ശബ്ദങ്ങള്‍ ദിലീപ് കോടതിയില്‍നിന്നു കേട്ടുമനസിലാക്കി എന്നു വിശ്വസിക്കാന്‍ പ്രയാസമാണെന്നും അത്തരം സൂക്ഷ്മ ശബ്ദങ്ങള്‍ മനസിലാക്കാന്‍ അത്യാധുനിക ലാബിന്റെ സേവനം ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.