ഡല്‍ഹി: ആവശ്യമെങ്കില്‍ ശത്രുക്കളെ രാജ്യത്തിന് പുറത്ത് പോയും നേരിടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. അതിന് വേണ്ട കഴിവ് ഇന്ത്യന്‍ സൈന്യത്തിനുണ്ടെന്നും രാജ്‌നാഥ് സിങ്.
അഞ്ച് ഇന്ത്യന്‍ കമാന്‍ഡോകള്‍ നിയന്ത്രണ രേഖ കടന്ന് മൂന്ന് പാകിസ്താന്‍ സൈനികരെ കഴിഞ്ഞ മാസം വധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാജ്‌നാഥ് സിങിന്റെ പ്രസ്താവന. ഇന്ത്യന്‍ സൈനികരെ പാകിസ്താന്‍ സൈന്യം കൊലപ്പെടുത്തിയതിനു തിരിച്ചടിയായിരുന്നു ഈ ആക്രമണം.
‘ഏതാനും മാസങ്ങള്‍ മുമ്പ് പാകിസ്താന്‍ ആക്രമണത്തില്‍ 17 ഇന്ത്യന്‍ ജവാന്‍മാര്‍ വീരമൃത്യു വരിച്ചിരുന്നു. ഉടന്‍ തന്നെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യം പാകിസ്താനില്‍ കടന്ന് തീവ്രവാദികളെ കൊന്നത്’ രാജ്‌നാഥ് സിങ് പറഞ്ഞു.ഡല്‍ഹിയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്താന്‍ തുടര്‍ച്ചയായി പ്രകോപനമുണ്ടാക്കികൊണ്ടിരിക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളെ വളരെ ഗൗരവമായി തന്നെ കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
‘ഇന്ത്യന്‍ സൈന്യത്തിന് ശത്രുക്കള്‍ക്കെതിരെ സ്വദേശത്ത് നിന്ന് മാത്രമല്ല, വിദേശത്ത് നിന്നും പോരാടാന്‍ കഴിയുമെന്ന സന്ദേശമാണ് ലോകത്തിന് മുന്നില്‍ ഇന്ത്യനല്‍കിയത്. പാകിസ്താനുമായി ഒരു സൗഹാര്‍ദപരമായ ബന്ധമുണ്ടാക്കാനാണ് ഇന്ത്യയ്ക്ക് താല്‍പര്യം. പക്ഷെ അവര്‍ തെറ്റ് തിരുത്തി മുന്നോട്ട് പോവണം. ഇന്ത്യ ആരുടേയും മുന്നില്‍ തല കുനിക്കില്ല’, രാജ്‌നാഥ് സിങ് തുടര്‍ന്നു