പടനയിച്ച് പടനായകന്‍, കൊഹ്ലിയുടെ സെഞ്ചറിയുടെ മികവില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്

സെഞ്ചൂറിയന്‍: വിരാട് കൊഹ്ലിയുടെ സെഞ്ചുറി മികവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. മൂന്നാം ദിനം കളി തുടരുമ്പോള്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സ് പിന്നിട്ടു. 193 പന്തില്‍ 141 റണ്‍സുമായി വിരാട് കൊഹ്ലി ക്രീസിലുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്റെ ടെസ്റ്റ് കരിയറിലെ 21ാം സെഞ്ചുറിയാണിത്.മൂന്നാം ദിനം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ഹാര്‍ദിക് പാണ്ഡ്യയുടെ വിക്കറ്റ് നഷ്ടമായി. 15 റണ്‍സെടുത്തു നില്‍ക്കെ പാണ്ഡ്യ അനാവശ്യമായി റണ്ണൗട്ടാവുകയായിരുന്നു.

രണ്ടാം ദിനം മുരളി വിജയ് (46), കെ.എല്‍. രാഹുല്‍ (10), ചേതേശ്വര്‍ പൂജാര (0), രോഹിത് ശര്‍മ (10), പാര്‍ഥിവ് പട്ടേല്‍ (19) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇന്ത്യ 28 റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് പരുങ്ങിനില്‍ക്കുമ്പോഴാണ് കൊഹ്ലി ഇറങ്ങിയത്. ആദ്യം മുരളി വിജയ്ക്കും പിന്നീട് ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം ചേര്‍ന്ന് കൊഹ്ലി ഇന്നിങ്സ് മുന്നോട്ടുനയിക്കുകയായിരുന്നു.
ആറു വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സെടുത്ത് രണ്ടാംദിനം കളി തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 66 റണ്‍സെടുക്കുന്നതിനിടെ ശേഷിക്കുന്ന നാലു വിക്കറ്റുകള്‍ കൂടി നഷ്ടമായി. ഉച്ചഭക്ഷണത്തിന് മുന്‍പ് തന്നെ അവര്‍ ഓള്‍ഔട്ടായി.

കെ.എ. മഹാരാജ് (18), റബാഡ (11), മികച്ച രീതിയില്‍ പ്രതിരോധിച്ചുവരികയായിരുന്നു ക്യാപ്റ്റന്‍ ഡു പ്ലെസി (63), മോര്‍ണി മോര്‍ക്കല്‍ (6) എന്നിവരാണ് രണ്ടാംദിനം പുറത്തായത്. വീണ നാലു വിക്കറ്റില്‍ രണ്ടെണ്ണും ഇഷാന്തും ഒന്ന് അശ്വിനും ഒരെണ്ണം ഷമിയും സ്വന്തമാക്കി. ഇന്ത്യന്‍ ബൗളര്‍മാരില്‍ വിക്കറ്റ് വേട്ടയില്‍ നാലു പേരെ മടക്കിയ അശ്വിനാണ് മുന്നില്‍. ഇഷാന്ത് മൂന്നും ഷമി ഒരു വിക്കറ്റും സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കന്‍ നിരയില്‍ 94 റണ്‍സെടുത്ത ഐഡന്‍ മര്‍ക്രാമാണ് ടോപ്സ്‌കോറര്‍. റണ്ണൗട്ടായ ആംല 82 റണ്‍സെടുത്തു.

Similar Articles

Comments

Advertismentspot_img

Most Popular