സൂപ്പര്‍ സ്റ്റാറിന്റെ രാഷ്ട്രീയ പ്രവേശനം അന്താരാഷ്ട്ര മധ്യമങ്ങളിലും ഹിറ്റ്; ബി.ബി.സി ഉള്‍പ്പെടെ രജനികാന്തിന്റെ വാര്‍ത്ത നല്‍കിയത് വന്‍ പ്രാധാന്യത്തോടെ

ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനി കാന്തിന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്തയ്ക്ക് അന്താരാഷ്ട്ര മാധ്യമങ്ങളിലും വന്‍ സ്വീകാര്യത. ന്യൂയോര്‍ക്ക് ടൈംസും ബി.ബി.സിയും വാഷിംഗ്ടണ്‍ പോസ്റ്റുമെല്ലാം രജനിയുടെ രാഷ്ട്രീയ പ്രവേശന വാര്‍ത്ത വലിയ പ്രാധാന്യത്തോടെയാണ് നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയത്തിലേക്ക് എന്ന തലക്കെട്ടോടെയാണ് രജനിയുടെ വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്നാട് രാഷ്ട്രീയത്തില്‍ സിനിമ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നേരത്തെയും രജനി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വലിയ ആരാധകസംഘമാണ് രജനീകാന്തിനുള്ളത്. 1998 ല്‍ റിലീസ് ചെയ്ത മുത്തു സിനിമ ജപ്പാനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
അതിനുശേഷമുള്ള രജനിയുടെ എല്ലാ സിനിമകളും ജപ്പാനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ടോക്യോയിലെ രജനി ഫാന്‍സ് ക്ലബില്‍ മൂവായിരത്തിലധികം അംഗങ്ങളുമുണ്ട്.

ഡിസംബര്‍ 31നാണ് രജനികാന്ത് തന്റെ രാഷ്ട്രീയ പ്രവേശനം സ്ഥിരീകരിച്ചത്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ രജനീകാന്തിന്റെ വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും നിലവില്‍ വന്നിരുന്നു. രജനീമണ്‍ട്രം എന്ന പേരിലാണ് താരം വെബ്‌സൈറ്റ് പുറത്തിറക്കിയിരിക്കുന്നത്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന വാഗ്ദാനങ്ങള്‍ പാലിക്കാനായില്ലെങ്കില്‍ മൂന്ന് വര്‍ഷത്തിന് ശേഷം രാജിവച്ച് ഒഴിയുമെന്നും രജനി അറിയിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular