തോമസ് ചാണ്ടി കുറ്റക്കാരന്‍? ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കോട്ടയം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും

കോട്ടയം: വലിയകുളം സീറോജെട്ടി റോഡ് നിര്‍മ്മാണത്തില്‍ ക്രമക്കേടു നടന്നതായുള്ള പരാതിയില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കോട്ടയം വിജിലന്‍സ് കോടതിയിലാണ് സമര്‍പ്പിക്കും. റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടി ക്രമക്കേട് നടത്തിയതായി കണ്ടെത്തിയ സാഹചര്യത്തില്‍ കേസെടുക്കാമെന്ന് കോട്ടയം വിജിലന്‍സ് എസ്.പി അന്വേഷണ സംഘത്തോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

വലിയകുളം സീറോജെട്ടി റോഡ് നിര്‍മ്മാണത്തില്‍ ക്രമക്കേടുണ്ടെന്ന് കാട്ടി അഡ്വക്കേറ്റ് സുഭാഷ് നല്‍കിയ പരാതിയിലാണ് കോട്ടയം വിജിലന്‍സ് കോടതി രണ്ട് മാസം മുന്‍പ് അന്വേഷണത്തിന് ഉത്തരവിട്ടത്. 30 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് ആവശ്യപ്പെട്ടതെങ്കിലും രണ്ട് തവണയായി വിജിലന്‍സ് ഒരു മാസത്തോളം സമയം നീട്ടി ചോദിച്ചു. കഴിഞ്ഞ തവണ സമയം നീട്ടി ചോദിച്ചപ്പോള്‍ കോടതി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്.

റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായാണ് സൂചന. ചിലരുടെ മൊഴി എടുക്കാതിരുന്നതിനെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് തിരിച്ചയച്ചിരുന്നു. ഈ മൊഴികള്‍ കൂടി എടുത്തതിന് ശേഷമുള്ള പുതിയ റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഇന്ന് സമര്‍പ്പിക്കുക. ത്വരിതാന്വേഷണം തോമസ് ചാണ്ടിക്ക് എതിരായാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടേക്കും.

Similar Articles

Comments

Advertismentspot_img

Most Popular