തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ജൂണിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന അനിശ്ചിതകാല സമരം ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു പിന്‍വലിച്ചു. ബോണ്ട് വ്യവസ്ഥയില്‍ ഇളവ് ചെയ്യാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ബിരുദാനന്തരബിരുദം കഴിഞ്ഞ് നിര്‍ബന്ധിത സേവനം എന്നത് ആറ് മാസമായി കുറച്ചു. സൂപ്പര്‍ സ്‌പെഷ്യാലിറ്റിക്കു ശേഷമുള്ള ബോണ്ട് ഒരു വര്‍ഷമായും കുറച്ചു. നേരത്തെ ഇത് രണ്ടു വര്‍ഷമായിരുന്നു.
വിദ്യാര്‍ഥികള്‍ ഉന്നയിച്ച എല്ലാ പ്രശ്നങ്ങളും ഉടന്‍ തന്നെ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരേ ഒരുതരത്തിലുള്ള ശിക്ഷാ നടപടികളും സ്വീകരിക്കില്ല. മുടങ്ങിപ്പോയ പരീക്ഷയെഴുതാന്‍ വീണ്ടും അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതു പിന്‍വലിക്കുക, കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുക, ബോണ്ട് കാലാവധി കുറയ്ക്കുക, പ്രമോഷന്‍ ത്വരിതപ്പെടുത്തുക എന്നീ കാര്യങ്ങളാണു വിദ്യാര്‍ഥികള്‍ ഉന്നയിച്ചത്.