മകൾ അല്ലു അർഹയ്ക്ക് ഹൃദയസ്പർശിയായ പിറന്നാൾ ആശംസകളുമായി തെന്നിന്ത്യൻ താരം അല്ലു അർജുൻ. അർഹയുടെ പത്താം പിറന്നാൾ ദിനത്തിൽ ‘എന്റെ ജീവിതത്തിലെ സന്തോഷം’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് താരം ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചത്. അച്ഛന്റെ ആശംസകൾ ഇതിനകം സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധം വിളിച്ചോതുന്ന മനോഹരമായ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിനൊപ്പമാണ് അല്ലു അർജുന്റെ കുറിപ്പ്. ‘എന്റെ ജീവിതത്തിലെ സന്തോഷത്തിന് പിറന്നാൾ ആശംസകൾ’ എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.
വെള്ളിത്തിരയിലെ തകർപ്പൻ പ്രകടനങ്ങൾക്കും തിരക്കേറിയ സിനിമാ ജീവിതത്തിനുമപ്പുറം കുടുംബത്തോടൊപ്പമുള്ള സ്നേഹനിർഭരമായ നിമിഷങ്ങൾ അല്ലു അർജുൻ ആരാധകരുമായി പങ്കുവെക്കാറുണ്ട്. എസ്. ജാനകി ആലപിച്ച ‘കിളിയേ കിളിയേ’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ പിറന്നാൾ പോസ്റ്റ്.
അർഹയുടെ പത്താം പിറന്നാൾ ആഘോഷം അവിസ്മരണീയമാക്കാൻ അല്ലു അർജുനും കുടുംബവും ശ്രീലങ്കയിലേക്കാണ് യാത്ര തിരിച്ചത്. തിരക്കേറിയ ഷൂട്ടിങ് ഷെഡ്യൂളുകൾക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും പ്രിയപ്പെട്ടവർക്കൊപ്പം മനോഹരമായ ഓർമകൾ സൃഷ്ടിക്കാനും താരം ശ്രദ്ധിക്കാറുണ്ട്.
ഗുണശേഖർ സംവിധാനം ചെയ്ത ‘ശാകുന്തളം’ എന്ന ചിത്രത്തിൽ ഭരത രാജകുമാരനായി വേഷമിട്ടാണ് അർഹ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. അഞ്ചാം വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് പരിശീലക എന്ന നേട്ടത്തിലൂടെ നോബിൾ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിലും അർഹ ഇടംനേടിയിരുന്നു. തെലുങ്ക് ഭാഷയിലുള്ള പ്രാവീണ്യവും സംസ്കാരത്തോടുള്ള അടുപ്പവും അർഹയെ ശ്രദ്ധേയയാക്കിയിട്ടുണ്ട്.