മണ്ണാർക്കാട്: കുട്ടികൾക്കുള്ള പോളിയോ വാക്സീൻ നൽകിയത് മൃഗാശുപത്രിയിൽ വച്ച്. ഇന്ന് രാവിലെ ചങ്ങലീരി രണ്ടാം മൈലിലെ മൃഗശുപത്രിയിലാണ് പോളിയോ വാക്സീൻ നൽകിത്തുടങ്ങിയത്. ഇതിനെ ചൊല്ലി കുമരംപുത്തൂർ ചങ്ങലീരി രണ്ടാം മൈലിലിൽ നാട്ടുകാരും പഞ്ചായത്ത് ഭരണ കക്ഷിയിലെ ഇടത് അംഗങ്ങളും തമ്മിൽ തർക്കവും സംഘർഷാവസ്‌ഥയുമുണ്ടായി. പ്രതിഷേധത്തെ തുടർന്ന് പോളിയോ സെന്റർ സമീപത്തെ അങ്കണവാടിയിലേക്ക് മാറ്റി.
അതേസമയം മൃഗാശുപത്രിയിൽവച്ച് ഏഴ് കുട്ടികൾക്ക് ഇവിടെ നിന്ന് വാക്സീൻ നൽകി. മൃഗാശുപത്രിയിൽ വാക്‌സീൻ നൽകുന്നതറിഞ്ഞ് പഞ്ചായത്തംഗം ഷാഫി ചങ്ങലീരിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതിനിടെ പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷ ജംഷീലയും പറമ്പുള്ളി വാർഡംഗം വി. വിനീതയും സിപിഎം പ്രവർത്തകരും സ്ഥലത്ത് എത്തി. വാക്സീൻ മൃഗാശുപത്രിയിൽ തന്നെ നൽകണമെന്നും നേരത്തെയും ഇവിടെ വച്ച് നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞതോടെ പ്രതിഷേധക്കാരും അവരും തമ്മിൽ തർക്കം രൂക്ഷമായി. ഇതോടെ വാക്‌സീൻ സെന്റർ പറമ്പുള്ളിയിലെ അങ്കണവാടിയിലേക്ക് മാറ്റുകയായിരുന്നു
ഇതിനിടെ പഞ്ചായത്ത് തീരുമാനത്തിനു വിരുദ്ധമായാണ് വാക്സീൻ മൃഗാശുപത്രിയിൽ നൽകുന്നതെന്ന് ഷാഫി പറഞ്ഞു. ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങാത്ത ആരോഗ്യ വകുപ്പിന്റെ സബ് സെന്ററിൽ വാക്സീൻ നാൽകാനായിരുന്നു തീരുമാനമെന്നും കുട്ടികളെ സബ് സെന്ററിൽ എത്തിക്കാനുമാണ് അറിയിപ്പ് നൽകിയതെന്നും ഷാഫി പറഞ്ഞു.
യുഡിഎഫ് ഭരണ കാലത്ത് നിർമിച്ച സബ് സെന്ററിൽ വാക്‌സീൻ നൽകില്ലെന്ന അന്തമായ രാഷ്ട്രീയ വിരോധമാണ് വാക്‌സീൻ സെന്ററർ മൃഗാശുപത്രിയിലേക്ക് മാറ്റിയതിനു പിന്നിലെന്ന് നാട്ടുകാർ പറഞ്ഞു. ഇവിടത്തുകാരെ മൃഗങ്ങളായാണ് ഭരണ സമിതി കാണുന്നതെന്നതിന്റെ ഉദാഹരമാണിത്, പീടിക റൂമിൽ വച്ചുകൊടുത്താലും പട്ടിയേയും പൂച്ചയേയും നോക്കുന്ന ഇവിടെവച്ച് വാക്സിൻ കൊടുക്കാൻ പറ്റില്ല. തങ്ങളുടെ കുട്ടികളെ മൃഗാശുപത്രിയിൽ എത്തിച്ച് വാക്‌സീൻ നൽകില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.