കൊച്ചി: നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ആദിത്യലക്ഷ്മി വിവാഹിതയായി. ബോഡി ബിൽഡറും ഫിറ്റ്‌നസ് കോച്ചുമായ സുനിൽ സി.കെ.യാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ.
നടൻ അനു ആനന്ദിന്റെ മകളാണ് ആദിത്യലക്ഷ്മി. വിസ്മയ മോഹൻലാൽ നായികയായ ‘തുടക്കം’ എന്ന ചിത്രത്തിലൂടെയാണ് ആദിത്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ വിസ്മയ മോഹൻലാലിന് ശബ്ദം നൽകിയതും ആദിത്യയായിരുന്നു. വിസ്മയയുടെ സുഹൃത്തിന്റെ വേഷത്തിലും ചിത്രത്തിൽ ആദിത്യ അഭിനയിച്ചിരുന്നു.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവർ വിവാഹച്ചടങ്ങിൽ പങ്കെടുത്തു. നടി ലിസി, സുചിത്ര മോഹൻലാൽ, നിർമാതാവ് ആന്റണി പെരുമ്പാവൂർ തുടങ്ങിയവരും ചടങ്ങിനെത്തി. വിവാഹത്തിന്റെ ചിത്രങ്ങൾ ലിസി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.
മലയാള സിനിമയിൽ നേരത്തെ തന്നെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു ആദിത്യയുടെ പിതാവ് അനു ആനന്ദ്. മോഹൻലാലും ഉർവശിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘സൂര്യഗായത്രി’ എന്ന ചിത്രത്തിൽ ഇരുവരുടെയും മകനായാണ് അനു ആനന്ദ് അഭിനയിച്ചത്. ‘ചതുരംഗം’, ‘സാഗർ ഏലിയാസ് ജാക്കി’ തുടങ്ങിയ ചിത്രങ്ങളിലും അനു ആനന്ദ് ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അഭിനയത്തിനൊപ്പം ഡബ്ബിങ് രംഗത്തും സാന്നിധ്യമറിയിച്ച ആദിത്യയുടെ വിവാഹവാർത്തയാണ് ഇപ്പോൾ സിനിമാലോകത്ത് ശ്രദ്ധ നേടുന്നത്.






