തിരുവനന്തപുരം: മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ പോലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി. അപകടത്തിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
മദ്യപിച്ചയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ച പോലീസ് വാഹനത്തിന് പിന്നിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറുകയായിരുന്നു. പോലീസ് വാഹനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥ ലീനയ്ക്കും സ്റ്റേഷന് പുറത്ത് നിന്നിരുന്ന എബിൻ (19), ഗൗതം (19) എന്നിവർക്കുമാണ് പരിക്കേറ്റത്.
അപകടത്തിന് പിന്നാലെ പിക്കപ്പ് വാൻ ഡ്രൈവർ നിധിൻ രാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളും മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.