BREAKING NEWS

“ഞങ്ങളുടെ സഹപ്രവർത്തകന്റെ തള്ളവിരലിന് സമീപമുള്ള ഭാഗം അടിയേറ്റ് തകർന്ന നിലയിൽ, മറ്റൊരാളുടെ കണ്ണിന് താഴെയുള്ള അസ്ഥിക്ക് പൊട്ടൽ, കല്ലുകളും ഇഷ്ടികകളും ഉപയോഗിച്ചാണ് അവർ ആക്രമിച്ചത്”… ജന്മദിനാഘോഷത്തിനിടെ ബിജെപി പ്രവർത്തകർ മർദിച്ചു- അഭിഷേക് ബാനർജി!! ‘വെറും നാടകം, ഒരു നേതാവിന്റെ ജന്മദിനാഘോഷം ഫുട്പാത്തിൽ നടത്തുന്നത് ആദ്യമായാണ് കാണുന്നത്’- പരിഹസിച്ച് ബിജെപി

· · 1 min read
Share: Copied!

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയുടെ ജന്മദിനാഘോഷത്തിനിടെ കൊൽക്കത്തയിലെ വസതിക്ക് മുന്നിൽ ബിജെപി–തൃണമൂൽ പ്രവർത്തകർ തമ്മിൽ സംഘർഷം. സംഭവത്തിൽ ബിജെപി പ്രവർത്തകർ തന്റെ അനുയായികളെ ആക്രമിക്കുകയും മർദിക്കുകയും ചെയ്തതായി അഭിഷേക് ബാനർജി ആരോപിച്ചു. സംഭവത്തിന് പിന്നാലെ തന്റെ വസതിക്ക് നേരെയും ആക്രമണമുണ്ടായതായി അദ്ദേഹം ആരോപിച്ചു.

കൊൽക്കത്തയിലെ കാളിഘട്ടിലുള്ള അഭിഷേക് ബാനർജിയുടെ വസതിക്ക് മുന്നിൽ പുലർച്ചെ രണ്ടുമണിയോടെയാണ് ഇരുവിഭാഗം പ്രവർത്തകരും തമ്മിൽ തർക്കവും സംഘർഷവും ഉണ്ടായത്. ഒരാളെ ‘കള്ളൻ’ എന്ന് വിളിച്ചുള്ള മുദ്രാവാക്യങ്ങളാണ് വാക്കേറ്റത്തിന് കാരണമായതെന്നാണ് വിവരം. തുടർന്ന് ബിജെപി പ്രവർത്തകർ തന്റെ അനുയായികളെ നിലത്തിട്ട് ഇഷ്ടികക്കഷ്ണങ്ങൾ ഉപയോഗിച്ച് മർദിച്ചെന്നാണ് ഡയമണ്ട് ഹാർബർ എംപിയുടെ ആരോപണം.

അഭിഷേക് ബാനർജി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ അദ്ദേഹത്തിന്റെ ബാനറുകളും പോസ്റ്ററുകളും ചിലർ വലിച്ചുകീറുന്നതും കാണാം. സംഭവമറിഞ്ഞ് വീട്ടിൽനിന്ന് പുറത്തേക്കിറങ്ങിയ അഭിഷേക് ബാനർജി പോലീസുമായും ബിജെപി പ്രവർത്തകരുമായും രൂക്ഷമായ വാക്കേറ്റത്തിലേർപ്പെട്ടു. ‌

ബിജെപി പ്രവർത്തകർ റിവോൾവറുകളുമായാണ് എത്തിയതെന്നും തന്നെ കൊലപ്പെടുത്തുക എന്ന മുൻകൂട്ടി ആസൂത്രണം ചെയ്ത ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നും അഭിഷേക് ബാനർജി ആരോപിച്ചു. ആക്രമണത്തിൽ തൃണമൂൽ പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.

“ഞങ്ങളുടെ സഹപ്രവർത്തകനായ തപസിന്റെ തള്ളവിരലിന് സമീപമുള്ള ഭാഗം അടിയേറ്റ് തകർന്ന നിലയിലാണ്. തുന്നലിടുന്നതിനായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് അയച്ചു. എന്നാൽ തുന്നലിട്ടാൽ മാത്രം മതിയാകില്ലെന്നും പ്ലാസ്റ്റിക് സർജറി ആവശ്യമായി വരുമെന്നും ഡോക്ടർ പറഞ്ഞു. മറ്റൊരാളുടെ കണ്ണിന് താഴെയുള്ള അസ്ഥിക്ക് പൊട്ടലുണ്ട്. കല്ലുകളും ഇഷ്ടികകളും ഉപയോഗിച്ചാണ് അവർ ആക്രമിച്ചത്. ഇതെല്ലാം പൊലീസിന്റെ കൺമുന്നിലാണ് നടന്നത്,” അഭിഷേക് ബാനർജി മാധ്യമങ്ങളോട് പറഞ്ഞു.

തനിക്കെതിരെ ആക്രമണം നടക്കുന്നത് ഇതാദ്യമല്ലെന്നും കഴിഞ്ഞ ആറുമാസത്തിനിടെ ഏഴുതവണ വധശ്രമം ഉണ്ടായെന്നും അദ്ദേഹം ആരോപിച്ചു. ജൂൺ 19ന് ഡൽഹിയിൽനിന്ന് മടങ്ങുന്നതിനിടെ സോനാർപൂരിൽവെച്ച് തോക്കുകളുമായി എത്തിയ ചിലർ തന്നെ ആക്രമിക്കാൻ ശ്രമിച്ചിരുന്നതായി അഭിഷേക് പറഞ്ഞു. അന്ന് തൃണമൂൽ പ്രവർത്തകർ അക്രമികളെ കൈയോടെ പിടികൂടിയെങ്കിലും പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.

ആക്രമണത്തെക്കുറിച്ച് എക്സിൽ പങ്കുവെച്ച കുറിപ്പിലും അഭിഷേക് ബാനർജി രൂക്ഷമായ വിമർശനമുയർത്തി. കഴിഞ്ഞ ആറുമാസത്തിനിടെ തന്റെ ജീവനെടുക്കാനുള്ള ഏഴാമത്തെ ശ്രമമാണ് ഇതെന്നും ഇതുവരെ പോലീസിന്റെ ഭാഗത്തുനിന്നോ കോടതികളുടെ ഭാഗത്തുനിന്നോ ഫലപ്രദമായ ഇടപെടലുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തുടനീളം അക്രമികൾ അഴിഞ്ഞാടുകയാണെന്നും നീതിന്യായ സംവിധാനം ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഒരു പാർലമെന്റ് അംഗത്തിന് പോലും ഇത്തരമൊരു സാഹചര്യം നേരിടേണ്ടിവരുന്നുവെങ്കിൽ പശ്ചിമബംഗാളിലെ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കണമെന്നും അദ്ദേഹം കുറിച്ചു. സംഭവങ്ങളിൽ ഇടപെടാതെ നിശബ്ദ കാഴ്ചക്കാരായി തുടരുകയാണെന്ന് ആരോപിച്ച് കൊൽക്കത്ത ഹൈക്കോടതിയെയും സുപ്രീംകോടതിയെയും അദ്ദേഹം വിമർശിച്ചു.

എന്നാൽ അഭിഷേക് ബാനർജിയുടെ ആരോപണങ്ങൾ ബിജെപി തള്ളി. സംഭവം വെറും നാടകമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. ബിജെപി നേതാവും ബംഗാളിലെ മന്ത്രിയുമായ ദിലീപ് ഘോഷ് അഭിഷേക് ബാനർജിക്കെതിരെ പരിഹാസവുമായി രംഗത്തെത്തി.

“ഒരു നേതാവിന്റെ ജന്മദിനാഘോഷം ഫുട്പാത്തിൽ നടത്തുന്നത് ആദ്യമായാണ് നമ്മൾ കാണുന്നത്. രാത്രിയിൽ ആരെങ്കിലും ബഹളമുണ്ടാക്കിയാൽ അതിനെതിരെ പ്രതിഷേധമുണ്ടാകുന്നത് സ്വാഭാവികമാണ്. അഭിഷേക് ബാനർജിയെ കൊല്ലാൻ ആർക്കാണ് സമയം? മറ്റൊന്നും ചെയ്യാനില്ലാത്തതിനാലാണ് വൈകാരികമായ ആരോപണങ്ങൾ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്,” ദിലീപ് ഘോഷ് പറഞ്ഞു.

സംഘർഷത്തിന് തൊട്ടുമുമ്പുള്ള ദിവസവും അഭിഷേക് ബാനർജി സമാനമായ ആരോപണവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി അജ്ഞാതരായ ചിലർ തന്റെ ഓഫീസും വസതിയും നിരീക്ഷിച്ചുവരികയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇവരെ ചോദ്യം ചെയ്തപ്പോൾ പോലീസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞിരുന്നു. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

തിരഞ്ഞെടുക്കപ്പെട്ട ഒരു പാർലമെന്റ് അംഗത്തിന്റെ ഓഫീസും വസതിയും സംസ്ഥാന പോലീസ് നിരീക്ഷിക്കുകയും രഹസ്യമായി വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നതായി ആരോപിക്കപ്പെടുന്നത് എന്തിനാണെന്നും ഇതിന് ആരാണ് അനുമതി നൽകിയതെന്നും അഭിഷേക് ബാനർജി ചോദിച്ചു. നിരീക്ഷണത്തിന് പിന്നിലെ ഉദ്ദേശ്യമെന്താണെന്നും അദ്ദേഹം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം ലോക്‌സഭാ സ്പീക്കർ ഓം ബിർള, കൊൽക്കത്ത പോലീസ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, പശ്ചിമബംഗാൾ പോലീസ് എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അഭിഷേക് ബാനർജി അറിയിച്ചു.

കുടുംബ വഴക്കിനെ തുടര്‍ന്ന് ജീവനൊടുക്കാന്‍ പുഴയില്‍ ചാടി, കാലില്‍ മുതല കടിച്ചതോടെ അലറിവിളിച്ച് യുവതി, ഒടുവില്‍ നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു

BREAKING NEWS
മകളോടു ഫോണിൽ സംസാരിച്ചു നിമിഷങ്ങൾക്കകം പിതാവു കേൾക്കുന്നത് മകളുടെ മരണ വാർത്ത!! കാറിന്റെ ടയർ പഞ്ചറായിയെന്നു വിളിച്ചുപറഞ്ഞ മകളോട് സഹായത്തിനായി റിക്കവറി ടോൾ ഫ്രീ നമ്പറിൽ വിളിക്കുവെന്ന് നാട്ടിൽ നിന്ന് പിതാവ്... കാറിൽ നിന്നിറങ്ങി ഫോൺ വിളിക്കുന്നതിടെ മറ്റൊരു വാഹനം ഇടിച്ചുതെറുപ്പിച്ചു, ദുബായിൽ മലയാളി വി...
07 Nov 2026
BREAKING NEWS
കസേര മാറും മുമ്പ് വലിയ തീയിട്ട് സാംബശിവ റാവു; ഉ​ദ്യോ​ഗസ്ഥർക്ക് 'സന്തോഷം' എന്ന പേരിൽ മാസപ്പടി; ബാർ ഉടമകളിൽനിന്ന് 30,000, 20,000 രൂപ വീതം കൈക്കൂലി; എക്സൈസ് വകുപ്പിലെ അഴിമതിക്കഥകളുടെ റിപ്പോർട്ട്
07 Nov 2026
BREAKING NEWS
കുടുംബ വഴക്കിനെ തുടര്‍ന്ന് ജീവനൊടുക്കാന്‍ പുഴയില്‍ ചാടി, കാലില്‍ മുതല കടിച്ചതോടെ അലറിവിളിച്ച് യുവതി, ഒടുവില്‍ നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു
07 Nov 2026
BREAKING NEWS
ഉച്ചാരണശുദ്ധി തീരെയില്ല.... സഹപാഠിയോട് ഈര്‍ക്കില്‍ കൊണ്ടുവരാന്‍ പറഞ്ഞു, ദളിത് വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ വച്ച് പരസ്യമായി നാക്കു വടിപ്പിച്ച് അധ്യാപകന്‍, മാസങ്ങളോളം സങ്കടം ഉള്ളിലൊതുക്കി ആറാം ക്ലാസുകാരന്‍
07 Nov 2026