മുംബൈ: തിരക്കേറിയ മുംബൈ ലോക്കൽ ട്രെയിനിൽ പ്രീ വെഡ്ഡിങ് ആഘോഷം സംഘടിപ്പിച്ച സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. വിവാഹത്തിനൊരുങ്ങുന്ന സുഹൃത്തിന് സർപ്രൈസ് നൽകാനായി ഒരു സംഘം യുവതികൾ ട്രെയിൻ കോച്ചിനുള്ളിൽ പൂക്കളും അലങ്കാരങ്ങളും ഒരുക്കിയാണ് ആഘോഷം നടത്തിയത്.
എന്നാൽ പൊതുഗതാഗത സംവിധാനം സ്വകാര്യ ആഘോഷത്തിന് ഉപയോഗിച്ചതിനെതിരെ വിമർശനം ഉയർന്നതോടെ സംഭവത്തിൽ നടപടിക്കൊരുങ്ങുകയാണ് റെയിൽവേ. മുംബൈ ഹെറിറ്റേജ് എന്ന എക്സ് അക്കൗണ്ടിലൂടെയാണ് ആഘോഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. പരമ്പരാഗത മഹാരാഷ്ട്ര ആചാരപ്രകാരമുള്ള ചടങ്ങുകളാണ് ട്രെയിനിനുള്ളിൽ സംഘടിപ്പിച്ചത്. അലങ്കരിച്ച താലവുമായി യുവതി എത്തുന്നതും വധുവാകാനൊരുങ്ങുന്ന സുഹൃത്തിനെ മറ്റുള്ളവർ കാത്തുനിൽക്കുന്നതും വിഡിയോയിലുണ്ട്.
യുവതി കോച്ചിലെത്തിയതോടെ പൂക്കൾ വിതറിയും പരമ്പരാഗത ചടങ്ങുകൾ നടത്തിയും സുഹൃത്തുക്കൾ ആഘോഷം തുടങ്ങി. ആലിംഗനം ചെയ്തും അനുഗ്രഹിച്ചും സന്തോഷം പങ്കിടുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ, സംഭവം സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണത്തിനാണ് വഴിവെച്ചത്. പൊതുജനങ്ങൾ യാത്രയ്ക്കായി ഉപയോഗിക്കുന്ന ട്രെയിൻ കോച്ച് വ്യക്തിപരമായ ആഘോഷങ്ങൾക്ക് വേദിയാക്കിയത് അനുചിതമാണെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു.