പട്ന: ബിഹാറിൽ ഭർതൃമാതാവിനെ കൊലപ്പെടുത്തിയ കേസിൽ മരുമകളേയും കാമുകനെയും അറസ്റ്റുചെയ്തു. അറുപത്തൊൻപതുകാരിയായ രാംലാ ദേവിയെ കൊലപ്പെടുത്തിയ കേസിലാണ് മരുമകളായ ഗുഡ്ഡി കുമാരിയേയും കാമുകൻ റിഷി കുമാറിനേയും പോലീസ് അറസ്റ്റുചെയ്തത്. നവംബർ 25-ന് പുലർച്ചെ മൂന്നോടെ ടികപട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ നയാ നന്ദ്ഗോള ഗ്രാമത്തിലാണ് സംഭവം. ഗുഡ്ഡി കുമാരിയേയും റിഷി കുമാറിനേയും അസ്വാഭാവികമായ സാഹചര്യത്തിൽ ഒരുമിച്ചുകണ്ട വയോധികയെ മരത്തടികൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും രണ്ടുവർഷമായി പ്രണയത്തിലായിരുന്നെന്ന് കണ്ടെത്തി.
സംഭവദിവസം രാത്രി രാംല വീട്ടിലെ മുറിയിൽ പ്രവേശിച്ചപ്പോഴാണ് ഇരുവരേയും ഒരുമിച്ച് കണ്ടത്. അവിഹിത ബന്ധം പുറത്തറിയുമെന്ന് ഭയപ്പെട്ട ഇരുവരും മരത്തടികൊണ്ട് രാംലയുടെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാംല സംഭവസ്ഥലത്തുതന്നെ മരിച്ചു. കൊലപാതകത്തിനുശേഷം അയൽപക്കത്തെ കുടുംബവുമായുള്ള ഭൂമിതർക്കം ചൂണ്ടിക്കാട്ടി ഗുഡ്ഡി അന്വേഷണം വഴിതിരിക്കാൻ നീക്കംനടത്തി. കൊല്ലപ്പെട്ട സ്ത്രീയുടെ മകൻ അബോധ് പാസ്വാൻ നൽകിയ പരാതിയിൽ അയൽവാസികളായ നിതീഷ്കുമാറിനേയും അമ്മയേയും പോലീസ് അറസ്റ്റുചെയ്തിരുന്നു.
തുടർന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) രൂപവത്കരിച്ച് അന്വേഷണം വിപുലീകരിപ്പിച്ചതാണ് പ്രതികൾക്ക് കുരുക്കായത്. അന്വേഷണത്തിൽ ഗുഡ്ഡിയും റിഷിയും തമ്മിലുള്ള ബന്ധം എസ്.ഐ.ടി. കണ്ടെത്തി. തുടർന്ന് ഇരുവരേയും ചോദ്യംചെയ്തതോടെയാണ് കൊലപാതകം സംബന്ധിച്ച വിവരം പുറത്തറിഞ്ഞത്.