തിരുവനന്തപുരം: എസ്എംഎ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായുള്ള ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയ പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ. ഏത് ചികിത്സാ രീതിക്കുവേണ്ടിയാണ് ധനസമാഹരണം നടത്തുന്നതെന്ന് മാധ്യമങ്ങൾ വ്യക്തമാക്കിയിരുന്നില്ലെന്നും അതുകൊണ്ടാണ് നേരത്തെ അത്തരമൊരു പ്രതികരണം നടത്തിയതെന്നും മന്ത്രി വിശദീകരിച്ചു. കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീട് ബോധ്യപ്പെട്ടതായും ഇതിനായുള്ള ധനസമാഹരണത്തെ പൂർണമായും സ്വാഗതംചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.
ചില പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജീൻ തെറാപ്പിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ രോഗിക്ക് ആ ചികിത്സ ആവശ്യമാണെങ്കിൽ അത് തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും അതിൽ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു.
രാവിലെ മന്ത്രി നടത്തിയ പ്രസ്താവന ആശയക്കുഴപ്പങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെ ഉച്ചയോടെ മന്ത്രിയുടെ ഓഫീസിൽനിന്ന് വിശദീകരണം നൽകി നിലപാടിൽ വ്യക്തത വരുത്തി.
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ചികിത്സാ പട്ടികയിൽ ജീൻ തെറാപ്പി ഉൾപ്പെടുത്തിയിട്ടില്ലാത്തത് അതിന് ചില പാർശ്വഫലങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണെന്നും മന്ത്രി വിശദീകരിച്ചു. എന്നാൽ ഏത് ചികിത്സാരീതി തിരഞ്ഞെടുക്കണമെന്നത് രോഗിയുടെയും കുടുംബത്തിന്റെയും അവകാശമാണ്. അതിനാൽ സൗഹൃദക്കൂട്ടായ്മകളും പൊതുജനങ്ങളും പണം സമാഹരിച്ച് ജീൻ തെറാപ്പിക്ക് സഹായിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.