തിരുവനന്തപുരം: ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രി തന്നെ, നിയമവിരുദ്ധമായ ഫോണ്‍ ചോര്‍ത്തലിനെയും നിരന്തര നിരീക്ഷണത്തെയും നിസാരവത്കരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. തിരുവനന്തപുരത്ത് ഭരണഘടനാ ദിന പരിപാടിയില്‍, തന്റെ ഫോണ്‍ ചോര്‍ത്തപ്പെടുന്നുണ്ടെന്നും എല്ലാവരും നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചത്.
പ്രതിപക്ഷ നേതാക്കളുടെയും സ്വന്തം മന്ത്രിസഭാംഗങ്ങളുടെയും ഫോണുകള്‍ ചോര്‍ത്തുന്നുവെന്ന ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കെ, ഗൗരവമായ അന്വേഷണം പ്രഖ്യാപിക്കുന്നതിന് പകരം വിഷയത്തെ ലാഘവത്തോടെ കാണാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. സംസ്ഥാന ഭരണത്തലവന്റെ ഫോണ്‍ പോലും ചോര്ത്തപ്പെടുന്നുണ്ടെങ്കില് അത് അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം.
ആഭ്യന്തര മന്ത്രിയുടെ അറിവോടെയാണോ സംസ്ഥാനത്ത് അനധികൃത നിരീക്ഷണങ്ങളും ഫോണ്‍ ചോര്‍ത്തലും നടക്കുന്നതെന്നും വ്യക്തമാക്കേണ്ടതുണ്ട്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നുണ്ടെങ്കില്‍ അതീവ ഗുരുതരമായ കുറ്റമാണത്. അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോസ്ഥരെ നടപടിക്ക് വിധേയമാക്കേണ്ടതുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി നടത്താന്‍ തയ്യാറാകണം പിണറായി വിജയന് ഫേസ്ബുക്കില്‍ കുറിച്ചു.