തിരൂർ: കസ്റ്റംസ് ഓഫീസറെന്ന വ്യാജേന സ്ത്രീയെ വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവിനെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വടക്കാങ്ങര തടത്തിൽകുണ്ട് സ്വദേശി അറക്കൽ മുഹമ്മദ് ഷിബിലി (30) ആണ് പിടിയിലായത്.
കഴിഞ്ഞ ജൂണിലായിരുന്നു സംഭവം. തിരൂർ സ്വദേശിനിയുടെ മൊബൈൽ ഫോണിലേക്ക് വിളിച്ച പ്രതി കോഴിക്കോട് കസ്റ്റംസ് ഓഫീസറാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.
കസ്റ്റംസ് കേസുകളിൽ പിടിച്ചെടുത്ത സ്വർണം നികുതി മാത്രം ഈടാക്കി പാവപ്പെട്ടവർക്ക് 12.5 പവൻ വീതം നൽകുന്ന പ്രത്യേക പദ്ധതിയുണ്ടെന്ന് പ്രതി വിശ്വസിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി സ്വർണം ലഭിക്കുന്നതിന് നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് പരാതി.
പ്രതിക്കെതിരെ സമാനമായ കേസുകൾ വിവിധ പൊലീസ് സ്റ്റേഷനുകളിലുണ്ടെന്ന് പൊലീസ് അറിയിച്ചു.