ഹൈദരാബാദ്: വിവാഹനിശ്ചയത്തിന്റെ തലേന്ന് പ്രണയബന്ധം വെളിപ്പെടുത്തിയ 19കാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ ആദിലാബാദിലാണ് നടുക്കുന്ന സംഭവം. കല്യാണി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് കൈലാസിനെ പോലീസ് അറസ്റ്റ് ചെയ്തു.
മാതൃസഹോദരന്റെ മകനുമായി പ്രണയത്തിലാണെന്ന് കല്യാണി വെളിപ്പെടുത്തിയതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. നവംബർ 24നായിരുന്നു സംഭവം. തൊട്ടടുത്ത ദിവസം മറ്റൊരു യുവാവുമായി കല്യാണിയുടെ വിവാഹനിശ്ചയം നടത്താനിരിക്കുകയായിരുന്നു.
നവംബർ 23ന് വൈകിട്ടാണ് തന്റെ പ്രണയബന്ധത്തെക്കുറിച്ച് കല്യാണി മാതാപിതാക്കളോട് തുറന്നുപറഞ്ഞത്. ഇതോടെ വീട്ടിൽ വലിയ തർക്കമുണ്ടായി. തുടർന്ന് പ്രകോപിതനായ പിതാവ് മകളെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
കല്യാണിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനും കൈലാസ് ശ്രമിച്ചു. തൂങ്ങിമരിച്ചതാണെന്ന് തോന്നിപ്പിക്കാൻ കഴുത്തിൽ തുണികൊണ്ട് കുരുക്കിട്ട് മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നു.
മാതാപിതാക്കൾ കണ്ടെത്തിയ വിവാഹാലോചനയോട് താൽപര്യമില്ലാതിരുന്നതിനാൽ കല്യാണി ജീവനൊടുക്കിയെന്നാണ് കൈലാസ് ബന്ധുക്കളോടും അയൽവാസികളോടും പറഞ്ഞത്.
മരണത്തിന് പിന്നാലെ സംസ്‌കാരച്ചടങ്ങുകൾ വേഗത്തിൽ പൂർത്തിയാക്കിയതാണ് ഗ്രാമവാസികളിൽ ചിലർക്ക് സംശയമുണ്ടാക്കിയത്. തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിച്ചു.
പോലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്ന് വ്യക്തമായതോടെ പിതാവിനെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ കൈലാസ് മകളെ കൊലപ്പെടുത്തിയതായി സമ്മതിച്ചെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.