കണ്ണൂർ: ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ മുൻ എംഎൽഎ ടി.ഐ. മധുസൂദനൻ നടത്തിയ കൊലവിളി പ്രസംഗം വിവാദമായിരിക്കെ, അദ്ദേഹത്തെ തള്ളിപ്പറയാതെ ന്യായീകരിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾക്കെതിരെ ആദ്യം നടപടി വേണമെന്നായിരുന്നു രാഗേഷിന്റെ പ്രതികരണം.
മുഖ്യമന്ത്രി ‘ചോരയ്ക്ക് ചോര’ എന്ന് പറഞ്ഞത് ആർക്കും പ്രശ്നമല്ലേയെന്ന് രാഗേഷ് ചോദിച്ചു. ടി.ഐ. മധുസൂദനൻ മുഖ്യമന്ത്രിയോ എംഎൽഎയോ അല്ലെന്നും മുഖ്യമന്ത്രിയേക്കാൾ വലിയവനല്ല മധുസൂദനനെന്നും അദ്ദേഹം പറഞ്ഞു. ‘ചോരയ്ക്ക് ചോര’ എന്നത് കടുത്ത പ്രയോഗമാണ്. അതിനേക്കാൾ വലിയതല്ല ‘പകരത്തിന് പകരം’ എന്ന പരാമർശമെന്നും രാഗേഷ് ന്യായീകരിച്ചു. മുഖ്യമന്ത്രിക്കെതിരെ ആദ്യം സ്വമേധയാ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആലപ്പുഴയിൽ ക്രൂരമായ മർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചോരയ്ക്ക് എണ്ണിയെണ്ണി പകരം ചോദിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശമാണ് രാഗേഷ് ഇതിന് മറുപടിയായി ചൂണ്ടിക്കാട്ടിയത്.
പയ്യന്നൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗം. കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞുതന്നെ തീർക്കുമെന്നും അതിന് പാർട്ടിക്ക് മടിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
ചീമേനിയിൽ അഞ്ചുപേരെ ചുട്ടുകൊന്ന കേസിൽ പ്രതികളെ കോടതി വെറുതെ വിട്ട സംഭവം പരാമർശിച്ച മധുസൂദനൻ, എന്നാൽ അവരാരും ഇന്ന് ജീവനോടെയില്ലെന്നും പറഞ്ഞു. ധനരാജ് വധക്കേസിലെ കോടതി വിധിയെയും വിധി പ്രസ്താവിച്ച ജഡ്ജിയെയും രൂക്ഷമായി വിമർശിച്ചായിരുന്നു മറ്റ് പരാമർശങ്ങൾ.
വി. കുഞ്ഞികൃഷ്ണനെ ‘രാഷ്ട്രീയ നപുംസകം’ എന്ന് വിശേഷിപ്പിച്ച മധുസൂദനൻ, ധനരാജ് കൊല്ലപ്പെട്ടിട്ടില്ലെന്ന് കോടതി പറയാതിരുന്നത് ഭാഗ്യമെന്നും പരിഹസിച്ചു. ജഡ്ജിക്ക് തണുപ്പിലിരുന്ന് കവിതകൾ ഉദ്ധരിക്കാമെന്നും ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെ തടവും ശിക്ഷയും കൊണ്ട് ഇല്ലാതാക്കാമെന്ന് കരുതുന്നത് വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിലൂടെ പാർട്ടിയെ ആക്ഷേപിക്കുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ടാകുമെന്നും തെരുവിലിറങ്ങിയാൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും മധുസൂദനൻ മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവത്തിൽ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ഡിജിപിക്ക് പരാതി നൽകി.
വിവാദ പ്രസംഗത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. കൊലപാതകങ്ങളെ ന്യായീകരിക്കുന്നത് പൊതുപ്രവർത്തകന് ചേർന്ന നടപടിയല്ലെന്നും കലാപാഹ്വാനം അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ശേഖരിക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. വിവരങ്ങൾ പരിശോധിച്ചശേഷം തുടർനടപടികൾ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദ പരാമർശം പിൻവലിക്കണമെന്നും സിപിഎം നേതൃത്വം വിഷയത്തിൽ ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ മന്ത്രി കെ. മുരളീധരനും രംഗത്തെത്തി. കാലത്തിന്റെ മാറ്റം സിപിഎം മനസ്സിലാക്കണമെന്നും ഇത്തരം അക്രമവും കൊലവിളിയുമാണ് പയ്യന്നൂർ സീറ്റ് പാർട്ടിക്ക് നഷ്ടപ്പെടാൻ കാരണമെന്നും അദ്ദേഹം വിമർശിച്ചു.
പുതിയ തലമുറയ്ക്ക് സ്വീകാര്യമല്ലാത്ത മുദ്രാവാക്യങ്ങളാണ് ഇത്തരം പ്രസംഗങ്ങളിലൂടെ ഉയർത്തുന്നതെന്നും ഇത് സിപിഎമ്മിനെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നും മുരളീധരൻ പറഞ്ഞു.
മധുസൂദനന്റെ പ്രസംഗത്തെച്ചൊല്ലി ഉയർന്ന വിവാദവും അതിനെ ന്യായീകരിച്ചുള്ള സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രതികരണവും കണ്ണൂരിലെ രാഷ്ട്രീയ രംഗത്ത് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.