ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ പ്രീത് വിഹാറിൽ 22കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഫേയിലെ ജീവനക്കാരായ സഹപ്രവർത്തകർ ചേർന്ന് നടത്തിയ അർധരാത്രി പാർട്ടിക്കുശേഷമാണ് യുവതി പീഡനത്തിനിരയായതെന്നാണ് പരാതി. സംഭവത്തിൽ മറ്റ് മൂന്ന് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
തിങ്കളാഴ്ച രാത്രി 11.30ന് അടച്ച കഫേയിൽ എട്ടുപേർ വീണ്ടും ഒത്തുകൂടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഒരാളുടെ കൈവശം കഫേയുടെ താക്കോൽ ഉണ്ടായിരുന്നതിനാൽ അടച്ചിട്ട സ്ഥാപനം വീണ്ടും തുറന്ന് പാർട്ടി നടത്തുകയായിരുന്നുവെന്ന് ഡൽഹി പൊലീസ് അറിയിച്ചു. പ്രീത് വിഹാറിലെ സൽത്തനേറ്റ് കഫേയിലാണ് സംഘം ഒത്തുകൂടിയത്.
യുവതിയും പ്രതികളും കർക്കർദൂമ മേഖലയിലെ വിവിധ കഫേകളിൽ ജോലി ചെയ്യുന്നവരാണ്. കഫേ തുറന്നശേഷം സംഘം മണിക്കൂറുകളോളം മദ്യപിച്ച് പാർട്ടി നടത്തിയെന്നാണ് വിവരം. പുലർച്ചെ 3.30ഓടെയാണ് ഇവർ കഫേയിൽനിന്ന് പുറത്തുപോയത്. ഇതിനുശേഷം സംഘത്തിലുണ്ടായിരുന്ന രണ്ട് പുരുഷന്മാർ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. മറ്റ് അംഗങ്ങളും കുറ്റകൃത്യത്തിന് പിന്തുണ നൽകിയെന്നും പരാതിയിൽ പറയുന്നു.
പുലർച്ചെ 5.45ഓടെ യുവതി പൊലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടെ ആറുപേർക്കെതിരെയാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റിലായ മൂന്നുപേരിൽ രണ്ട് പേർ സ്ത്രീകളാണ്. ശേഷിക്കുന്ന മൂന്ന് പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. യുവതിയുടെ പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.