ഫ്ലോറിഡ: ജീവനുവേണ്ടി കേണപേക്ഷിക്കുന്ന കുട്ടിയുടെ നിലവിളിയും തുടർച്ചയായ വെടിയൊച്ചകളും. അടിയന്തര സഹായത്തിനായി 911-ലെത്തിയ നിശബ്ദ ഫോൺ കോളിന് പിന്നാലെ പൊലീസ് വീട്ടിലെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. അമേരിക്കയിലെ ഫ്ലോറിഡയിലെ പ്ലാന്റ് സിറ്റിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെയും മൂന്ന് മക്കളെയും വെടിവെച്ചുകൊലപ്പെടുത്തിയ ശേഷം കുടുംബനാഥൻ ജീവനൊടുക്കിയതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
റാക്വൽ ലൂച്ചെഫെൽഡ് (34), ഭർത്താവ് ഐസക് ലൂച്ചെഫെൽഡ് (34), ഇവരുടെ മക്കളായ എനോക്ക് (5), ഹന്ന (3), ഒരു വയസ്സുകാരൻ ജോബ് എന്നിവരാണ് മരിച്ചത്. കുട്ടികളുടെ പിതാവായ ഐസക് മക്കളെയും ഭാര്യയെയും കൊലപ്പെടുത്തിയശേഷം സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
സംഭവത്തിന് തൊട്ടുമുൻപ് 911 എമർജൻസി നമ്പറിലേക്ക് എത്തിയ ഫോൺ കോളിലെ ഞെട്ടിക്കുന്ന വിവരങ്ങൾ ഹിൽസ്ബറോ കൗണ്ടി ഷെരീഫ് ചാഡ് ക്രോണിസ്റ്റർ പുറത്തുവിട്ടു. നവംബർ 19ന് ഉച്ചകഴിഞ്ഞ് 3.29നാണ് സ്പാർക്ക്മാൻ റോഡിലെ വീട്ടിൽനിന്ന് എമർജൻസി സെന്ററിലേക്ക് കോൾ എത്തിയത്. ഫോണിന്റെ മറുതലയ്ക്കൽ ആരും സംസാരിച്ചില്ലെങ്കിലും ലൈൻ വിച്ഛേദിക്കപ്പെട്ടിരുന്നില്ല. വീട്ടിനുള്ളിൽ നടക്കുന്ന ബഹളങ്ങളും സംസാരങ്ങളും ഡിസ്പാച്ചർക്ക് കേൾക്കാനായി.
തൊട്ടുപിന്നാലെ ‘സോറി, ബഡ്ഡി’ എന്ന പുരുഷശബ്ദവും വെടിയൊച്ചയും കേട്ടു. തുടർന്ന് ‘അച്ഛാ, ദയവായി എന്നെ വെടിവെക്കരുത്’ എന്ന് ഒരു കുട്ടി പലതവണ കരഞ്ഞപേക്ഷിക്കുന്ന ശബ്ദവും ഫോണിലൂടെ കേട്ടതായി ഷെരീഫ് വെളിപ്പെടുത്തി. പിന്നാലെ വീണ്ടും വെടിയൊച്ചകൾ മുഴങ്ങി.
വിവരമറിഞ്ഞ് പത്ത് മിനിറ്റിനുള്ളിൽ പൊലീസ് വീട്ടിലെത്തിയെങ്കിലും അഞ്ചുപേരും മരിച്ചിരുന്നു.
മൊബൈൽ മെക്കാനിക്കായി ജോലി ചെയ്തിരുന്ന ഐസക് കുടുംബത്തോടൊപ്പം കഴിഞ്ഞ ഒരു വർഷമായി ഈ വീട്ടിലാണ് താമസിച്ചിരുന്നത്. കുടുംബവുമായി ബന്ധപ്പെട്ട് മുൻപ് പരാതികളോ പൊലീസ് ഇടപെടലുകളോ ഉണ്ടായിട്ടില്ലെന്നും ദമ്പതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും ഷെരീഫ് അറിയിച്ചു.
സംഭവത്തിന് ഒരാഴ്ച മുൻപ് റാക്വലിന്റെ ജന്മദിനം കുടുംബാംഗങ്ങൾ ഒന്നിച്ചാണ് ആഘോഷിച്ചത്. അന്ന് ദമ്പതികൾക്കിടയിൽ പ്രശ്നങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ആഴ്ചയുടെ തുടക്കത്തിൽ കുട്ടികളെ മുത്തശ്ശിയെ ഏൽപ്പിച്ച് ദമ്പതികൾ ഒരുമിച്ച് പുറത്തുപോയിരുന്നതായും കുടുംബാംഗങ്ങൾ വ്യക്തമാക്കി.
കൂട്ടക്കൊലയിലേക്ക് നയിച്ച കാരണം എന്താണെന്നും 911-ലേക്ക് വിളിച്ചത് ആരാണെന്നും കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളും ഡിജിറ്റൽ രേഖകളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.