മുൻ ഭർത്താവിന്റെ അച്ഛനിൽ നിന്നുമുണ്ടായ സൈബർ അധിക്ഷേപത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഗായിക മാളവിക അനിൽകുമാർ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് മാളവിക ശക്തമായി പ്രതികരിച്ചത്. മുൻ ഭർത്താവിന്റെ അച്ഛൻ പോസ്റ്റിൽ കമന്റ് ചെയ്ത അസഭ്യം ചൂണ്ടിക്കാട്ടിയാണ് മാളവികയുടെ പ്രതികരണം. പത്ത് വർഷം ആ കുടുംബത്തിൽ അനുഭവിക്കേണ്ടി വന്നത് എന്തൊക്കെയാകുമെന്ന് പ്രേക്ഷകർക്ക് ഊഹിക്കാമെന്ന് മാളവിക പറഞ്ഞു. തനിക്ക് പിന്തുണ നൽകാത്ത സ്വന്തം കുടുംബത്തെയും സുഹൃത്തുക്കളെയും ഗായിക വിമർശിച്ചു. കുട്ടികളെ പ്രതികരണശേഷിയുള്ളവരാക്കി വളർത്തണമെന്ന് മാളവിക ആരാധകരോട് ആവശ്യപ്പെട്ടു. തന്റെ സങ്കടമാണ് ഇവിടെ പറഞ്ഞുതീർക്കുന്നതെന്നും മാളവിക പറഞ്ഞു.
മാളിവിക അനിൽകുമാറിന്റെ വാക്കുകൾ: ‘‘എല്ലാവർക്കും നമസ്കാരം. ഞാൻ മാളവിക അനിൽകുമാർ. ഇന്നലെ രാത്രി ഞാൻ ഒരു സ്റ്റോറി ഇട്ടിരുന്നു. എന്നെ അസഭ്യം പറഞ്ഞുകൊണ്ടുള്ള ഒരു കമന്റാണ് ഞാൻ സ്റ്റോറി ഇട്ടിരുന്നത്. അപ്പോൾ ഇതിനു മുന്നെയും എനിക്ക് ഒരുപാട് തെറിവിളികൾ വന്നിട്ടുണ്ട്. അതൊക്കെ ഞാൻ കമന്റ് ചെയ്തിട്ടുമുണ്ട്. പക്ഷേ ആദ്യമായിട്ടാണ് ഞാൻ ഒരു വിഡിയോ ഇടുന്നത്, വേറെ ഒന്നും കൊണ്ടല്ല. എന്നെ അസഭ്യം പറഞ്ഞ ആ മഹത് വ്യക്തിത്വത്തിനെ നിങ്ങളുടെ മുമ്പിലേക്ക് ഒന്ന് കാണിച്ചു തരണമെന്ന് എനിക്ക് തോന്നി. അത് മറ്റാരുമല്ല എന്റെ സ്വന്തം അമ്മായി അച്ഛനാണ്. അതായത് എന്റെ മുൻ ഭർത്താവിന്റെ അച്ഛനാണ് പബ്ലിക് പ്ലാറ്റ്ഫോമിൽ വന്ന് ഇത്രയും നികൃഷ്ടമായ പ്രയോഗം ചെയ്തിട്ടുള്ളത്.
എനിക്ക് അത് കുഴപ്പമില്ല, അയാൾ അയാളുടെ സംസ്കാരം കാണിച്ചു, വിദ്യാഭ്യാസമില്ലായ്മ ഒരു കുറ്റമൊന്നുമല്ല. പക്ഷേ ഇത്രയും പബ്ലിക് ആയിട്ട് വന്ന് ഇത്ര വൃത്തികെട്ട ഒരു വാക്ക് യൂസ് ചെയ്യണമെങ്കിൽ കഴിഞ്ഞ പത്ത് വർഷമായി ഞാൻ അയാളിൽ നിന്നും അയാളുടെ ഭാര്യയിൽ നിന്നും എന്തെല്ലാം അനുഭവിച്ചിട്ടുണ്ടെന്നുള്ളത് കോമൺ സെൻസ് ഉള്ള ഏതൊരു മനുഷ്യനും മനസ്സിലാകും.
ഇതിലും വൃത്തികെട്ട സാധനങ്ങൾ സ്ക്രീൻഷോട്ട് ആയി എന്റെ കയ്യിലുണ്ട്. ഞാൻ എന്തുകൊണ്ടാണ് പൊലീസ് കേസിന് പോകാത്തത് എന്നുവച്ചാൽ എനിക്ക് അതിന് താല്പര്യമില്ലാത്തതുകൊണ്ടാണ്. പക്ഷേ അവർ ഇനിയും ഫോഴ്സ് ചെയ്താൽ എനിക്ക് പൊലീസിൽ പോകാതെ വേറെ നിവർത്തിയില്ല.
ഞാൻ ഇപ്പോൾ ഈ വിഡിയോ ഇടുന്നത് അതിനൊന്നും വേണ്ടിയല്ല, മറ്റൊരു കാര്യത്തിനാണ്. എന്റെ അമ്മ, എന്റെ അച്ഛൻ, എന്റെ ബന്ധുക്കൾ, എന്റെ ഫ്രണ്ട്സ് എല്ലാവരും ഇൻസ്റ്റാഗ്രാമിൽ ഉണ്ട്. ഒരുത്തനും റിയാക്ട് ചെയ്യാൻ തോന്നിയില്ല. എനിക്ക് വേണ്ടി റിയാക്ട് ചെയ്യാൻ ഞാൻ തന്നെയുണ്ട്, അതുകൊണ്ട് വേറെ കുഴപ്പമൊന്നുമില്ല. പക്ഷേ എന്നിരുന്നാലും ഒരു പ്രശ്നം വരുമ്പോൾ ഞങ്ങൾ ഉണ്ട് എന്ന് പറയാനും അല്ലെങ്കിൽ ഇതുപോലുള്ള വൃത്തികേട് പറയുന്ന ആൾക്കാർക്കെതിരെ ഒരുവാക്ക് പ്രതികരിച്ച് കാണുമ്പോൾ കിട്ടുന്ന ഒരു മനസ്സുഖമുണ്ട്, വിക്ടിമിന്. അത് നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല.
ഇത് കാണുന്ന പ്രേക്ഷകരേ, നിങ്ങൾ നിങ്ങളുടെ കുട്ടികൾക്ക് വേണ്ടി നിൽക്കൂ. അവർക്ക് എന്തെങ്കിലുമൊരു പ്രശ്നം വരുമ്പോൾ ഒരു വാക്ക് അവരെ സമാധാനിപ്പിക്കാൻ വേണ്ടി പറയൂ. അവരെ നല്ല പ്രതികരണശേഷിയുള്ള കുട്ടികളായിട്ട് വളർത്തുക, കാരണം ഇതുപോലുള്ള വിഷവിത്തുകൾ ഉള്ള ഒരു ലോകത്തേക്കാണ് നിങ്ങൾ അവരെ ഇറക്കിവിടുന്നത്. അവർ അവിടെ സർവൈവ് ചെയ്യില്ല. അത്ര വൃത്തികെട്ട ഒരു സമൂഹമാണ് അവരെ കാത്തിരിക്കുന്നത്. അതുകൊണ്ട് പ്രതികരണശേഷിയുള്ള കുട്ടികളെ വാർത്തെടുക്കുക, അവരോടൊപ്പം നിൽക്കുക.
ഈ വിഡിയോ കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ എന്റെ മക്കൾ കാണുന്നുണ്ടെങ്കിൽ, മക്കളെ.. അമ്മയുടെ പ്രോമിസ് ആണ്, നിങ്ങൾക്ക് എന്ത് പ്രശ്നം വന്നാലും അവന്റെ കാരണക്കുറ്റി അടിച്ചു പൊട്ടിക്കാൻ അമ്മ ഉണ്ടാകും. അല്ലെങ്കിൽ പിന്നെ ഞാൻ എന്തിനാ നിന്റെ ഞങ്ങളുടെ അമ്മയാണെന്ന് പറഞ്ഞു നടക്കുന്നെ? അപ്പോൾ ഏതോ ഒരുത്തൻ വന്ന് അയാളുടെ സംസ്കാരം കാണിച്ചിട്ട് പോയി, എനിക്ക് അതിൽ യാതൊരു കുഴപ്പവുമില്ല. ഇനിയും അയാൾ വല്ലതും ചെയ്യുകയാണെങ്കിൽ നമുക്ക് പൊലീസിലേക്ക് പോകാം. പക്ഷേ ഞാൻ എന്റെ ദുഃഖമാണ് പറഞ്ഞു തീർക്കുന്നത്. ഇപ്പോൾ കുറെ എണ്ണം വരും, എന്തിനാണ് നിങ്ങൾക്ക് ഇതൊക്കെ ചെയ്യുന്നത് നിങ്ങൾക്ക് പാട്ട് പാടിയാൽ പോരെ നിങ്ങൾക്ക് വേറെ പണിയില്ലേ… മ്യൂസിഷ്യൻസിനും വേദനിക്കും. ഞങ്ങൾക്കും ഒരു മനസ്സുണ്ട്. പ്രതികരണശേഷി ഉണ്ട് എന്നു പറഞ്ഞ് എന്റെ മ്യൂസിക് സെൻസ് പോവില്ല എന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ഇത് എന്റെ ദുഃഖമാണ് ഞാൻ അത് പബ്ലിക് പ്ലാറ്റ്ഫോമിൽ വന്ന് പറഞ്ഞു തീർക്കുന്നു എന്ന് മാത്രം. അപ്പോൾ എല്ലാവർക്കും നന്ദി.
മാളവിക അനിൽകുമാർ പങ്കുവച്ച വിഡിയോയുടെ താഴെ നടത്തിയ അസഭ്യ കമന്റിന്റെ സ്ക്രീൻഷോട്ടാണ് ഗായിക പങ്കുവച്ചത്. ഇതിന് മറുപടിയും മാളവിക കൊടുത്തിട്ടുണ്ട്. ‘എല്ലാവരും കണ്ടോളൂ. എന്റെ അമ്മായിഅച്ഛൻ ആയിരുന്ന ഒരു മനുഷ്യന്റെ സംസ്കാരം.. ഭാഗ്യം ആ വൃത്തികെട്ട കുടുംബത്തിൽ നിന്ന് ജീവനോടെ രക്ഷപെട്ടത്’ എന്നായിരുന്നു മാളവികയുടെ മറുപടി.
റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഗായികയാണ് മാളവിക അനിൽകുമാർ. ‘വെറുതെ ഒരു ഭാര്യ’ എന്ന ചിത്രത്തിലെ ‘ഓം കാരം ശംഖില്’ എന്ന പാട്ടുപാടിയാണ് മാളവിക സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. കമലഹാസന്റെ ‘പാപനാശം’ എന്ന സിനിമയിലൂടെ തമിഴിലും മാളവിക സാന്നിധ്യം അറിയിച്ചു. ‘കഡാവെർ’, ഗോൾഡ് കോയിൻസ്, ‘ഡിയർ വാപ്പി’ തുടങ്ങിയ സിനിമകളിലും മാളവിക ഗാനം ആലപിച്ചിട്ടുണ്ട്.