ന്യൂഡൽഹി: വിവാഹശേഷം സ്ത്രീ ജോലി തുടരണമോ വേണ്ടയോ എന്നതിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസം വിവാഹാലോചന മുടങ്ങുന്നതിലേക്ക് നയിച്ചു. സംഭവത്തെക്കുറിച്ച് സമൂഹമാധ്യമമായ എക്സിൽ (X) പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. സാമ്പത്തിക സ്വാതന്ത്ര്യം, സ്ത്രീപുരുഷ സമത്വം, വിവാഹത്തിലെ വ്യക്തിസ്വാതന്ത്ര്യം, പങ്കാളികൾ തമ്മിലുള്ള പൊരുത്തം തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ച പുരോഗമിക്കുന്നത്.
ഷീതൽ റിജ്‌വാനി എന്ന എക്സ് ഉപയോക്താവാണ് തന്റെ സുഹൃത്തിന്റെ അനുഭവം പങ്കുവെച്ചത്. പ്രതിവർഷം ഏകദേശം 30 ലക്ഷം രൂപ വരുമാനമുള്ള യുവാവിന്റെ വിവാഹാലോചനയാണ് മുടങ്ങിയത്. വിവാഹശേഷവും ജോലിക്കു പോകു്നന പങ്കാളിയെയാണ് യുവാവ് ആഗ്രഹിച്ചിരുന്നത്. എന്നാൽ താൻ വിവാഹശേഷം ജോലി തുടരാൻ താൽപര്യപ്പെടുന്നില്ലെന്ന് യുവതി വ്യക്തമാക്കിയതോടെയാണ് ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായത്.
ജോലി ചെയ്യുന്ന പങ്കാളിയെയാണ് തനിക്ക് ആവശ്യമെന്ന് യുവാവ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ യുവാവിന്റെ ഈ നിലപാടിൽ യുവതി അതൃപ്തി പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ ചിന്താഗതി പിന്തിരിപ്പനാണെന്നും സ്ത്രീസ്വാതന്ത്ര്യത്തിന് എതിരാണെന്നും ആരോപിക്കുകയും ചെയ്തെന്നാണ് ഷീതൽ കുറിപ്പിൽ പറയുന്നത്.
“ജോലി ചെയ്യുന്ന പങ്കാളിയെയാണ് യുവാവിന് ആവശ്യം. ഇക്കാര്യം വ്യക്തമാക്കിയപ്പോൾ യുവതി ഏറെ പ്രകോപിതയായി. യുവാവ് സ്ത്രീപക്ഷവിരുദ്ധനാണെന്നും പിന്തിരിപ്പൻ ചിന്താഗതിയാണെന്നും ഭാവി ഭാര്യയുടെ തീരുമാനങ്ങളെ നിയന്ത്രിക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചു. ഇടുങ്ങിയ ചിന്താഗതിയുള്ളയാളാണെന്നും സ്ത്രീകളോട് എങ്ങനെ സംസാരിക്കണമെന്ന് പോലും അറിയില്ലെന്നും യുവതി സ്വന്തം കുടുംബത്തോടും പറഞ്ഞുവെന്നാണ്” കുറിപ്പിൽ പറയുന്നത്.
ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം കുടുംബങ്ങളിലേക്കും വ്യാപിച്ചു. യുവതി ഇക്കാര്യം സ്വന്തം കുടുംബവുമായി ചർച്ച ചെയ്തതോടെ യുവാവിന്റെ കുടുംബവും അസ്വസ്ഥരായതായി ഷീതൽ പറയുന്നു. ഇരുകുടുംബങ്ങളും തമ്മിൽ ബിസിനസ് ബന്ധങ്ങളുള്ളതിനാൽ സംഭവം കൂടുതൽ സങ്കീർണമായെന്നും അവർ ചൂണ്ടിക്കാട്ടി.
“സ്വന്തമായി ഒരു താൽപര്യമുണ്ടാകുന്നത് ഒരാളുടെ വ്യക്തിപരമായ അവകാശമല്ലേ? സ്ത്രീക്ക് സ്വന്തം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിൽ പുരുഷനും അതിനുള്ള അവകാശമില്ലേ?” എന്ന ചോദ്യവും ഷീതൽ ഉയർത്തി.
പോസ്റ്റ് പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായത്. ജോലി ചെയ്യുന്ന പങ്കാളിയെ ആഗ്രഹിക്കുന്ന യുവാവിന്റെ നിലപാടിനെ പിന്തുണച്ചവരും വിവാഹശേഷം വീട്ടമ്മയായി കഴിയാൻ ആഗ്രഹിക്കുന്ന യുവതിയുടെ തീരുമാനത്തെ മാനിക്കണമെന്ന് അഭിപ്രായപ്പെട്ടവരും രംഗത്തെത്തി.
സാമ്പത്തികമായി സ്വതന്ത്രയായ പങ്കാളിയെ ആഗ്രഹിക്കുന്നതും കുടുംബത്തിൽ ഇരട്ട വരുമാനം വേണമെന്ന് പ്രതീക്ഷിക്കുന്നതും ഒരാളുടെ വ്യക്തിപരമായ താൽപര്യമാണെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. വിവാഹശേഷം ജോലി ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ സ്ത്രീക്ക് അവകാശമുള്ളതുപോലെ, തന്റെ ജീവിതപങ്കാളിയുടെ തൊഴിൽപരമായ കാഴ്ചപ്പാടുകളെക്കുറിച്ച് പ്രതീക്ഷകൾ വെക്കാൻ പുരുഷനും അവകാശമുണ്ടെന്നാണ് ഇവരുടെ വാദം.
അതേസമയം, വിവാഹം പരമ്പരാഗത സ്ത്രീ-പുരുഷ ചുമതലകളുടെ അടിസ്ഥാനത്തിൽ മാത്രം തീരുമാനിക്കേണ്ടതല്ലെന്ന് മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടി. ഇരുവർക്കും സ്വന്തം തൊഴിൽജീവിതത്തെക്കുറിച്ചും കുടുംബ ഉത്തരവാദിത്വങ്ങളെക്കുറിച്ചും സ്വതന്ത്രമായി തീരുമാനിക്കാനുള്ള അവസരം വേണമെന്നും ഇവർ അഭിപ്രായപ്പെട്ടു.
“വിദ്യാഭ്യാസം പൂർത്തിയാക്കുകയോ ഏതെങ്കിലും തൊഴിൽനൈപുണ്യം നേടുകയോ ചെയ്ത പ്രായപൂർത്തിയായ ഓരോ വ്യക്തിക്കും സ്വന്തം സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാനുള്ള കഴിവുണ്ടാകണമെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല. പാചകം ചെയ്യാനും വീട് വൃത്തിയാക്കാനും എല്ലാവരും അറിഞ്ഞിരിക്കണം. അതിന് സ്ത്രീയെന്നോ പുരുഷനെന്നോ വേർതിരിവില്ല” എന്നായിരുന്നു ഒരാളുടെ പ്രതികരണം.
“ജോലി ചെയ്യേണ്ടെന്ന് തീരുമാനിക്കാൻ അവൾക്ക് അവകാശമുണ്ടെങ്കിൽ, ജോലി ചെയ്യുന്ന പങ്കാളിയെ തിരഞ്ഞെടുക്കാനും അവനും അവകാശമുണ്ട്. അത്രയേ ഉള്ളൂ” എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. “ഇക്കാലത്തെ സാമ്പത്തിക സാഹചര്യത്തിൽ ആഗ്രഹിക്കുന്ന ജീവിതനിലവാരം നിലനിർത്തണമെങ്കിൽ കുടുംബത്തിൽ ഇരട്ട വരുമാനം ആവശ്യമാണ്. അതുകൊണ്ട് യുവാവിന്റെ നിലപാട് ശരിയാണ്” എന്നും മറ്റൊരാൾ കുറിച്ചു.