ന്യൂഡൽഹി: ബിജെപിക്കും ആർഎസ്എസിനുമെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അമ്മ സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പ് പ്രകാശനച്ചടങ്ങിൽ മാതാപിതാക്കളുടെ ബന്ധത്തെക്കുറിച്ച് രാഹുൽ നടത്തിയ പരാമർശങ്ങളെ ബിജെപി വിമർശിച്ചതിനു പിന്നാലെയാണ് പ്രതികരണം.
ബിജെപിയും ആർഎസ്എസും അത്യാഗ്രഹികളും ജാതിവാദികളും പുരുഷാധിപത്യ ചിന്താഗതിക്കാരുമാണെന്നും ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളെക്കുറിച്ച് അവർക്ക് ധാരണയില്ലെന്നും രാഹുൽ ആരോപിച്ചു. ഞായറാഴ്ച എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു വിമർശനം. ശിവനും പാർവതിയും ഒന്നിച്ചുള്ള അർധനാരീശ്വര രൂപത്തിലുള്ള ശിൽപ്പത്തിന്റെ ചിത്രവും അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യയുടെ ആത്മീയവും മതപരവുമായ പാരമ്പര്യങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കുന്തോറും ഇക്കാര്യം കൂടുതൽ വ്യക്തമാകുന്നുവെന്നാണ് രാഹുൽ കുറിച്ചത്. മഹാരാഷ്ട്രയിലെ എലിഫന്റ ഗുഹകളിലുള്ള ശിവന്റെയും പാർവതിയുടെയും അർധനാരീശ്വര രൂപത്തിലുള്ള ശിൽപ്പത്തിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. ശിവനും പാർവതിയും ഒരേ ശരീരത്തിന്റെ രണ്ട് പകുതികളായി ചിത്രീകരിക്കപ്പെടുന്ന രൂപമാണ് അർധനാരീശ്വരൻ.
ബിജെപി, ആർഎസ്എസ് പ്രവർത്തകരുടെ മനസ്സിൽ ഭയവും ദേഷ്യവും വിദ്വേഷവും നിറഞ്ഞുനിൽക്കുകയാണെന്നും അതാണ് സ്നേഹം പ്രകടിപ്പിക്കുന്നതിൽനിന്ന് അവരെ തടയുന്നതെന്നും രാഹുൽ പറഞ്ഞു.
അതേസമയം, രാഹുലിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപിയും രംഗത്തെത്തി. രാഹുൽ ഗാന്ധിക്ക് സനാതന ധർമത്തോട് വെറുപ്പാണെന്നും ഹിന്ദുക്കളെ അക്രമികളെന്ന് വിളിച്ച അദ്ദേഹത്തിൽനിന്ന് ജനങ്ങൾ ഉപദേശം സ്വീകരിക്കേണ്ടതില്ലെന്നും ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പ്രതികരിച്ചു.
അമ്മ സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ‘ബിലോങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കവെയാണ് മാതാപിതാക്കളായ സോണിയ ഗാന്ധിയും രാജീവ് ഗാന്ധിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രാഹുൽ വെളിപ്പെടുത്തിയത്. ഭക്ഷണം കഴിക്കുന്ന സമയങ്ങളിൽ അമ്മ അച്ഛന്റെ മടിയിൽ ഇരിക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുട്ടിക്കാലത്ത് ഇതൊരു സാധാരണ കാര്യമായാണ് കരുതിയിരുന്നത്. എന്നാൽ സുഹൃത്തുക്കളുടെ വീടുകളിൽ ഇതുപോലെ കാണാത്തതിനെത്തുടർന്ന് അതേക്കുറിച്ച് അവരോട് ചോദിച്ചിരുന്നുവെന്നും രാഹുൽ പറഞ്ഞിരുന്നു.
രാഹുലിന്റെ ഈ പരാമർശത്തിനെതിരെയും ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. സോണിയ ഗാന്ധിക്ക് നാണക്കേടുണ്ടാക്കുന്ന പരാമർശമാണ് രാഹുൽ നടത്തിയതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഉൾപ്പെടെയുള്ളവർ വിമർശിച്ചിരുന്നു.
Fear, anger and hatred have woven a web in the hearts of BJP and RSS supporters that stops them from experiencing and expressing love.
As a true Hindu, it is my duty to free them from this web, so that they too can start to experience the breathtaking beauty and joy of love and belonging in their lives.
Satyam Shivam Sundaram.
— Rahul Gandhi (@RahulGandhi) November 17, 2026