മോസ്കോ: ഇന്ത്യയുടെ സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യത്തെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ സംഭാഷണത്തിനിടെ ഇന്ത്യയിലെ ഭാഷാ വൈവിധ്യത്തെക്കുറിച്ച് അറിഞ്ഞ കാര്യങ്ങളാണ് പുടിൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പങ്കുവെച്ചത്. ഇന്ത്യയിലെ പകുതിയിലധികം ജനങ്ങളും സ്വന്തം ഭാഷകളാണ് സംസാരിക്കുന്നതെന്ന കാര്യം തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള നാഗരികതകളിലൊന്നാണ് ഇന്ത്യൻ നാഗരികതയെന്നും അതിനെക്കുറിച്ച് കൂടുതൽ അറിയുന്തോറും തനിക്ക് അതിനോടുള്ള താൽപര്യം വർധിക്കുകയാണെന്നും പുടിൻ പറഞ്ഞു. റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്നിക്കാണ് അദ്ദേഹത്തിന്റെ അഭിമുഖത്തിലെ പരാമർശങ്ങൾ റിപ്പോർട്ട് ചെയ്തത്.
മോദിയുമായി അടുത്തിടെ നടത്തിയ സംഭാഷണത്തിനിടെ ഇന്ത്യയിൽ എത്രപേർ ഔദ്യോഗിക ഭാഷ സംസാരിക്കുന്നുണ്ടെന്ന് താൻ ചോദിച്ചതായി പുടിൻ പറഞ്ഞു. രാജ്യത്തെ ഔദ്യോഗിക ഭാഷ സംസാരിക്കുന്നവർ ഏകദേശം 60 കോടിയാണെന്ന് മോദി മറുപടി നൽകി. ഇന്ത്യയിലെ ആകെ ജനസംഖ്യ എത്രയാണെന്ന പുടിന്റെ അടുത്ത ചോദ്യത്തിന് ഏകദേശം 150 കോടിയെന്നായിരുന്നു മോദിയുടെ മറുപടി.
ഇതോടെ ഇന്ത്യയിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് മാത്രമാണ് രാജ്യത്തെ പ്രധാന ഭാഷ സംസാരിക്കുന്നതെന്ന് പുടിൻ ചൂണ്ടിക്കാട്ടി. ബാക്കിയുള്ള മൂന്നിൽ രണ്ട് ഭാഗം ജനങ്ങൾ എന്താണ് സംസാരിക്കുന്നതെന്ന് അദ്ദേഹം മോദിയോട് ചോദിച്ചു. അവർ അവരവരുടേതായ ഭാഷകളാണ് സംസാരിക്കുന്നതെന്നായിരുന്നു മോദിയുടെ മറുപടിയെന്നും പുടിൻ വിശദീകരിച്ചു.
“ഇത് അത്ഭുതകരമല്ലേ? ശരിക്കും വിസ്മയിപ്പിക്കുന്ന കാര്യമാണിത്”, എന്നായിരുന്നു ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെക്കുറിച്ചുള്ള പുടിന്റെ പ്രതികരണം. ഇന്ത്യയിൽ ഹിന്ദിയും ഇംഗ്ലീഷുമാണ് കേന്ദ്രതലത്തിലുള്ള ഔദ്യോഗിക ഭാഷകൾ. എന്നാൽ ഭരണഘടനാപരമായി ഇന്ത്യയ്ക്ക് ഒരു ദേശീയഭാഷയില്ല. ഭരണഘടനയുടെ എട്ടാം പട്ടികയിൽ 22 ഭാഷകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. അസമീസ്, ബംഗാളി, ബോഡോ, ഡോഗ്രി, ഗുജറാത്തി, ഹിന്ദി, കന്നഡ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു തുടങ്ങിയ ഭാഷകൾ ഇതിൽ ഉൾപ്പെടുന്നു. ഇതിനു പുറമേ നിരവധി പ്രാദേശിക ഭാഷകളും ഉപഭാഷകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരത്തിലുണ്ട്.
അതേസമയം പുടിന്റെ അഭിമുഖത്തിലെ ഈ പരാമർശങ്ങൾ ഉൾപ്പെടുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കഴിഞ്ഞ മാസം വാൽഡായ് ഡിസ്കഷൻ ക്ലബ്ബിൽ നടത്തിയ പ്രസംഗത്തിലും പുടിൻ ഇന്ത്യയുടെ വൈവിധ്യത്തെ പ്രശംസിച്ചിരുന്നു. ഇന്ത്യയെ ‘അതുല്യവും വൈവിധ്യപൂർണവും ഐക്യത്തോടെയുള്ളതുമായ രാജ്യം’ എന്നാണ് അന്ന് അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ത്യയുടെ വിസ്തൃതിയും വൈവിധ്യവും ആരെയും അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അന്നും ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെക്കുറിച്ച് പുടിൻ പ്രത്യേകം പരാമർശിച്ചിരുന്നു.
സെപ്റ്റംബർ 11ന് ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പുടിന്റെ പുതിയ പരാമർശങ്ങൾ പുറത്തുവന്നത്. ഈ വർഷം ഇരുനേതാക്കളും രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഓഗസ്റ്റിൽ കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ നടന്ന കൂടിക്കാഴ്ചയായിരുന്നു ആദ്യത്തേത്.