ഫെയര്‍നെസ് ക്രീം തുടര്‍ച്ചയായി ഉപയോഗിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് പതിനേഴുകാരിക്ക് ഗുരുതര വൃക്ക രോഗം ബാധിച്ചെന്ന വാർത്ത കേട്ട് ഞെട്ടിപ്പോയെന്നും താനും ഇത് ഉപയോഗിച്ചിരുന്നുവെന്നും പറയുകയാണ് റെനീഷ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു റെനീഷയുടെ തുറന്നുപറച്ചിൽ. “വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ് ഞാൻ ഈ വിഡിയോ ചെയ്യുന്നത്. കാര്യമെന്താണെന്ന് ഏകദേശം എല്ലാവർക്കും മനസിലായിട്ടുണ്ടാകും. ഞാൻ ഒരു വർഷം മുൻപ് ഒരു ഫെയ്സ് ക്രീമിന്റെ പ്രൊമോഷൻ ചെയ്തിട്ടുണ്ടായിരുന്നു. അതേ ഫെയ്സ് ക്രീം ഉപയോഗിച്ച ഒരു വ്യക്തി ഇപ്പോൾ ഒന്ന് രണ്ട് ദിവസം മുൻപ് ആശുപത്രിയിലായി. അവരുടെ ആരോഗ്യസ്ഥിതി കുറച്ചു മോശമായി. അവർക്ക് എന്തോ ഒരു അസുഖം വന്നുവെന്ന് വാർത്തയിൽ കണ്ടിരുന്നു. വാർത്ത വന്നപ്പോൾ, നിങ്ങളേക്കാൾ ഞെട്ടിപ്പോയത് ഞാനാണ്. കാരണം അത് ഉപയോഗിച്ചിരുന്ന ഒരു വ്യക്തിയെന്ന നിലയ്ക്കും അത് പ്രൊമോട്ട് ചെയ്തിരുന്ന ഒരു വ്യക്തിയെന്ന നിലയ്ക്കും ഞാൻ ഭയങ്കരമായി ഞെട്ടിപ്പോയി. ഞാൻ ശരിക്കും ഞെട്ടിപ്പോയി. ആദ്യം തന്നെ എനിക്ക് പറയാനുള്ളത്, ആ കുട്ടിക്ക് തിരികെ ജീവിതത്തിലേക്ക് വരാൻ കഴിയട്ടേ. ആരോഗ്യപരമായി മെച്ചപ്പെടട്ടേ. ഒരു കുഴപ്പവുമില്ലാതെ തിരിച്ചുവരാൻ പറ്റട്ടേ എന്നാണ് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നതും പ്രാർഥിക്കുന്നതും.
എല്ലാവരുടെയും മെസേജുകളും റിയാക്ഷൻ വിഡിയോകളുമൊക്കെ ഞാൻ കാണുന്നുണ്ട്. അതിൽ ഉപയോഗിച്ച് പോലും നോക്കാതെയാണ് പ്രൊമോഷൻ ചെയ്യുന്നത് എന്ന കമന്റ് കണ്ടിരുന്നു. അതിനോട് എനിക്ക് യോജിക്കാൻ ഭയങ്കര പ്രയാസമുണ്ട്. കാരണം, ഞാനിന്നുവരെ പ്രൊമോട്ട് ചെയ്തിരിക്കുന്ന ഏതൊരു പ്രൊഡക്ടും ആയിക്കോട്ടേ, ഏതുമായിക്കോട്ടേ ഞാനത് ഉപയോഗിച്ച് നോക്കാതെ ഞാനിതുവരെ പ്രൊമോട്ട് ചെയ്തിട്ടില്ല. എനിക്ക് തോന്നുന്നു ഒരു മാർച്ച്, ഏപ്രിൽ സമയത്താണ് ഞാനിത് പ്രൊമോട്ട് ചെയ്തത്. ആ സമയത്ത് എന്റെ മേമയുടെ മക്കളുടെ കൂടെ ഞാൻ നീന്തൽ ക്ലാസിന് പോകുന്നുണ്ടായിരുന്നു. ക്ലോറിൻ വെള്ളത്തിൽ കിടന്നിട്ട് എനിക്ക് നല്ല ടാൻ ഉണ്ടായിരുന്നു. ആ സമയത്താണ് ഈ പ്രൊമോഷൻ വന്നത്. ഞാൻ ഉപയോഗിച്ച ശേഷം ഞാൻ പ്രൊമോഷൻ ചെയ്യാം എന്ന് അവരോട് ഞാൻ പറഞ്ഞു. എനിക്ക് ടാൻ മാറുകയും ചെയ്തു. എന്റെ വിഡിയോ സ്ഥിരമായി കാണുന്നവർക്ക് അറിയാം, എന്റെ സ്കിൻ ഭയങ്കര സെൻസിറ്റീവ് സ്കിൻ ആണ്. എന്തിട്ടാലും ഭയങ്കരമായി റിയാക്ട് ചെയ്യുന്ന ഒന്നാണ്. ഈ ഒരു പ്രൊഡക്ട് ഒരു 14-15 ദിവസത്തിന് മുകളിൽ ഞാൻ ഉപയോഗിച്ചിരുന്നു. നല്ല റിസൽറ്റും ഉണ്ടായിരുന്നു. എനിക്ക് ഒരുതരത്തിലുമുള്ള റിയാക്ഷനും ഉണ്ടായിരുന്നില്ല. എല്ലാം വ്യക്തമായി ഞാൻ ആ വിഡിയോയിൽ പറഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് അത്രയും കോൺഫിഡന്റായി ഞാൻ ആ വിഡിയോ ചെയ്തത്. കാറിലിരുന്ന് വിഡിയോ ചെയ്യുന്ന ഒരു ചേട്ടന്റെ വിഡിയോ ഞാൻ കണ്ടിരുന്നു.
പണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ശവംതീനി ആണെന്ന തരത്തിൽ. അങ്ങനെയൊരു പ്രയോഗത്തോട് ഞാനൊരിക്കലും യോജിക്കില്ല. കാരണം, സംഭവം ശരിയാണ്. നമ്മൾ പ്രൊമോഷൻ ചെയ്യുമ്പോൾ പെയ്മെന്റ് വാങ്ങിക്കാറുണ്ട്. ഒരു പ്രൊഡക്ട് കിട്ടിയാൽ അത് ഉപയോഗിച്ച് നോക്കി അതിന്റെ റിവ്യു പറയുന്നതിന് നമ്മൾ പെയ്മെന്റ് വാങ്ങുന്നുണ്ട്. എന്നും പറഞ്ഞ്, എന്തും പൈസയ്ക്ക് വേണ്ടി ചെയ്യുന്ന ഒരു ടൈപ്പ് ആളല്ല ഞാൻ.