മുംബൈ: സുഹൃത്ത് പാർട്ടിക്ക് ക്ഷണിച്ചുവരുത്തിയ 17കാരിയെ രണ്ട് യുവാക്കൾ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. നവംബർ 16ന് കാശിഗാവിലാണ് സംഭവം. മദ്യപിക്കാൻ നിർബന്ധിച്ചശേഷം പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്ത് ഉൾപ്പെടെ നാലുപേർക്കെതിരെ കാശിഗാവ് പൊലീസ് കേസെടുത്തു. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
പരാതി പ്രകാരം, 25കാരിയായ ഷീതൾ രാത്രി ഒൻപത് മണിയോടെ പെൺകുട്ടിയെ ഫോണിൽ വിളിച്ച് മൂന്ന് യുവാക്കളെ പരിചയപ്പെടുത്തി. പിയൂഷ് താക്കൂർ, ദുഷ്യന്ത് സിങ്, അഹത് ഖാൻ എന്നിവരായിരുന്നു ഇവർ. തുടർന്ന് സംഘം പെൺകുട്ടിയെ വിനയ് നഗറിലുള്ള ഖാന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് പെൺകുട്ടിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും പരാതിയിൽ പറയുന്നു.
പിന്നീട് ഷീതളും പിയൂഷും താഴേക്ക് പോയി. ഇതോടെ പെൺകുട്ടി ഖാനും ദുഷ്യന്ത് സിങ്ങിനുമൊപ്പം ഫ്ലാറ്റിൽ തനിച്ചായി. അർധരാത്രി മുതൽ രാവിലെ ആറുമണി വരെ ഇരുവരും മാറിമാറി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ ആരോപണം. ഇതിനുപുറമെ, കഴുത്തിലുണ്ടായിരുന്ന അഞ്ച് ഗ്രാം തൂക്കമുള്ള സ്വർണമാലയും മോഷണം പോയതായി പെൺകുട്ടി പരാതിയിൽ ആരോപിച്ചിട്ടുണ്ട്.
പെൺകുട്ടി വീട്ടിൽ തിരിച്ചെത്താതിരുന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് അമ്മ അന്വേഷണം നടത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസിൽ പരാതി നൽകിയത്. ഭാരതീയ ന്യായ സംഹിതയിലെയും പോക്സോ നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് നാലുപേർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. കേസിലെ നാല് പ്രതികളും ഒളിവിലാണെന്നും ഇവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.