കണ്ണൂർ: കണ്ണൂർ നഗരത്തിലെ പള്ളിക്കുന്ന് മാക്കുനി റോഡിൽ വിവാഹ സത്കാരത്തിനിടെ മർദ്ദനമേറ്റ് ചികിത്സയിലിരിക്കെ പള്ളിക്കുന്ന് കൊക്കേൻപാറ സ്വദേശിയും ധന്യ മിൽ ഉടമയുമായ സുമേശൻ (54) മരിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾ കൂടി പൊലീസ് പിടിയിലായി. സജീവ ബിജെപി പ്രവർത്തകരായ പള്ളിക്കുന്ന് സ്വദേശി എം. സുകേഷ് (32), ഇടച്ചേരിയിലെ ടി. ദിജിൽ (37) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട് മക്കിമലയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് പൊലീസ് പിടികൂടിയത്.
കേസുമായി ബന്ധപ്പെട്ട് മറ്റൊരു ബിജെ.പി പ്രവർത്തകനായ പള്ളിക്കുന്ന് സ്വദേശി വിപി ശരത്തിനെ (38) നേരത്തെ കണ്ണൂർ സിറ്റി കുറുവയിൽ നിന്ന് പിടികൂടിയിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ ഏഴ് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. വിവാഹ സത്കാര വീട്ടിൽ മദ്യപാനത്തിനിടെ മില്ലിൽ ധാന്യം പൊടിച്ച പണവുമായി ബന്ധപ്പെട്ട് പ്രതികളും സുമേശനുമായി തർക്കമുണ്ടാവുകയും, പ്രതികളിൽ ചിലരുടെ അടിയേറ്റ് സുമേശന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു.
സംഭവ ദിവസം വൈകിട്ട് വീട്ടിലെത്തിയ സുമേശന്‍ ടിവി കണ്ടുകൊണ്ടിരിക്കെ ബോധക്ഷയമുണ്ടാവുകയും ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചാലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് സുമേശൻ മരണപ്പെട്ടത്.