ലഖ്‌നൗ: എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്ക് സുപ്രീംകോടതി ജഡ്ജിയാണെന്ന് തെറ്റിദ്ധരിച്ച് ഗാർഡ് ഓഫ് ഓണർ നൽകി ഉത്തർപ്രദേശ് പൊലീസ്. സംഭവത്തിൽ പ്രോട്ടോക്കോൾ വീഴ്ചയുണ്ടായെന്ന് സമ്മതിച്ച അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. യുപി ആഭ്യന്തര വകുപ്പും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലെ സഹാറൻപുരിലുള്ള സർക്യൂട്ട് ഹൗസിലായിരുന്നു സംഭവം. സുപ്രീംകോടതി ജഡ്ജി എത്തുമെന്ന വിവരത്തെത്തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ തന്നെ പൊലീസ് സംഘം ഇവിടെ എത്തിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി അസദുദ്ദീൻ ഒവൈസി സർക്യൂട്ട് ഹൗസിലെത്തിയത്. ഇതോടെ എത്തിയ വ്യക്തി സുപ്രീംകോടതി ജഡ്ജിയാണെന്ന് തെറ്റിദ്ധരിച്ച പൊലീസ് ഉദ്യോഗസ്ഥർ ഒവൈസിക്ക് ഗാർഡ് ഓഫ് ഓണർ നൽകുകയായിരുന്നു. ഒവൈസി ഇത് സ്വീകരിക്കുകയും ചെയ്തു.
ഒവൈസിയുടെ സർക്യൂട്ട് ഹൗസ് സന്ദർശനം മുൻകൂട്ടി നിശ്ചയിച്ച പരിപാടിയുടെ ഭാഗമായിരുന്നില്ലെന്നും അദ്ദേഹം അപ്രതീക്ഷിതമായാണ് എത്തിയതെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പ്രോട്ടോക്കോൾ വീഴ്ചയുണ്ടായെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് വ്യോം ബിന്ദൽ സമ്മതിച്ചു. അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം അറിയിച്ചു.
2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ഒവൈസിയും സഖ്യകക്ഷി നേതാവായ ചന്ദ്രശേഖർ ആസാദും സഹാറൻപുരിലെത്തിയത്. ഇരുവരും നേരത്തെ സഖ്യം പ്രഖ്യാപിച്ചിരുന്നു.
ഏഴ് വ്യാജ സ്വർണവളകൾ പണയംവച്ച് 4.20 ലക്ഷം തട്ടി; സഹകരണ ബാങ്കിനെ കബളിപ്പിച്ച മൂന്ന് പേർ പിടിയിൽ; അറസ്റ്റിലായത് നിരവധി കേസുകളിലെ പ്രതികൾ