അങ്കമാലി: മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ മൂന്നുപേരെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. തുറവൂർ കിടങ്ങൂർ പാലമറ്റം വീട്ടിൽ ഷിജോ ജോസ് (40), കിടങ്ങൂർ കിങ്ങിണിമറ്റം സുരേഷ് (45), തുറവൂർ പയ്യപ്പിള്ളി വീട്ടിൽ റോണി (40) എന്നിവരാണ് പിടിയിലായത്.
2025 ഒക്ടോബറിലായിരുന്നു സംഭവം. തുറവൂർ മേഖലയിലെ സഹകരണ ബാങ്കിൽ ഏഴ് വ്യാജ സ്വർണവളകൾ പണയംവച്ച് 4.20 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. ഷിജോയാണ് വളകൾ ബാങ്കിൽ പണയംവച്ചത്. പണയംവയ്ക്കുന്നതിനായി വളകൾ നൽകിയത് റോണിയും സുരേഷുമാണെന്ന് പൊലീസ് അറിയിച്ചു.
അങ്കമാലി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് റോണിയും സുരേഷും. റോണിക്കെതിരെ അങ്കമാലി പൊലീസ് സ്റ്റേഷനിൽ ഏഴ് കേസുകൾ നിലവിലുണ്ട്. അങ്കമാലി, കൊരട്ടി, തൃക്കാക്കര, കാലടി, ചെങ്ങമനാട് എന്നീ പൊലീസ് സ്റ്റേഷനുകളിലായി 15 കേസുകളിൽ പ്രതിയാണ് സുരേഷ്.
ഷിജോയ്ക്കെതിരെയും അങ്കമാലി പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകൾ നിലവിലുണ്ട്.
എസ്ഐ ജോജോ, എഎസ്ഐമാരായ അജിത്ത്, രാജീവ്, എസ്സിപിഒ വിനോദ്, സിപിഒമാരായ മിഥുൻ, ലിൻസൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.