ന്യൂഡൽഹി: അയ്യപ്പഭക്തർക്ക് വിമാനത്തിന്റെ ക്യാബിനിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാൻ അനുമതി നൽകി കേന്ദ്ര വ്യോമയാന മന്ത്രാലയം. തുടർച്ചയായ മൂന്നാം വർഷമാണ് ഇതിനുള്ള അനുമതി നീട്ടിനൽകുന്നത്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്), സിഐഎസ്എഫ്, വിമാനത്താവള അധികൃതർ എന്നിവർക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകി. തീർഥാടകരുടെ യാത്രയ്ക്ക് തടസ്സങ്ങളുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
അതേസമയം, ശബരിമലയിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് തീർഥാടകരുടെ എണ്ണം വർധിച്ചു. ഇന്ന് വൈകീട്ട് നാലുവരെ 46,000 പേരാണ് ദർശനം നടത്തിയത്. എന്നാൽ, വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്നവരുടെയും യഥാർഥത്തിൽ ദർശനത്തിനെത്തുന്നവരുടെയും എണ്ണത്തിലുള്ള വ്യത്യാസത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. ബുക്ക് ചെയ്ത ദിവസം തന്നെ ദർശനത്തിനെത്താൻ തീർഥാടകർ ശ്രമിക്കണമെന്ന് ശബരിമല എഡിഎം അഭ്യർഥിച്ചു.
മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി നട തുറന്നതിനു പിന്നാലെ വെർച്വൽ ക്യൂ ബുക്കിങ് പൂർണമായിരുന്നു. എന്നാൽ, ആദ്യ ദിവസങ്ങളിൽ ബുക്ക് ചെയ്തവരിൽ പകുതിയോളം പേർ ദർശനത്തിനെത്തിയില്ല. ഈ അസ്വാഭാവികതയിലാണ് അന്വേഷണം നടക്കുന്നത്. ഏജന്റുമാർ കൂട്ടത്തോടെ ബുക്കിങ് നടത്തുന്നുണ്ടോയെന്ന ആരോപണവും പരിശോധിക്കുന്നുണ്ട്.
അതേസമയം, ഇന്നലെ മുതൽ ശബരിമലയിലെത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ വർധനയുണ്ടായി. രാത്രി 12 വരെ 60,635 പേരാണ് ദർശനം നടത്തിയത്. മണ്ഡല-മകരവിളക്ക് തീർഥാടനം ആരംഭിച്ചശേഷം ഏറ്റവും കൂടുതൽ പേർ ദർശനത്തിനെത്തിയ ദിവസവും ഇന്നലെയായിരുന്നു.
തീർഥാടകരുടെ എണ്ണം കുറഞ്ഞതിനെത്തുടർന്ന് വെർച്വൽ ക്യൂ വഴി പ്രതിദിന ബുക്കിങ് പരിധി 66,000ത്തിൽനിന്ന് 71,000 ആയി ഉയർത്തിയിരുന്നു. 5,000 പേരുടെ വർധന ഘട്ടംഘട്ടമായാണ് നടപ്പാക്കുന്നത്.
അതേസമയം, ശബരിമലയുമായി ബന്ധപ്പെട്ട് ഉയരുന്ന ഗൂഢാലോചനാ സിദ്ധാന്തങ്ങളിൽ വസ്തുതയില്ലെന്നാണ് പരിശോധനയിൽ ബോധ്യപ്പെട്ടതെന്ന് ശബരിമല എഡിഎം ദിലീപ് കെ. കൈനിക്കര ഫെയ്സ്ബുക്കിൽ കുറിച്ചു. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർ അനുവദിച്ച സമയത്തുതന്നെ ദർശനത്തിനെത്തണം. തീർഥാടനം മാറ്റിവയ്ക്കുകയാണെങ്കിൽ നിലവിലെ ബുക്കിങ് റദ്ദാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
പമ്പയിൽ സ്പോട്ട് ബുക്കിങ് ഏർപ്പെടുത്തുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡും അറിയിച്ചു.