തിരുവനന്തപുരം: കോവിഡ് കാലത്ത് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെ.എം.എസ്.സി.എൽ.) ആരോഗ്യവകുപ്പിനായി ഒരു കോടി ഗ്ലൗസുകൾ വാങ്ങിയത് വിപണിവിലയുടെ നാലിരട്ടി തുകയ്ക്കെന്ന് കണ്ടെത്തൽ. വാങ്ങിയ ഗ്ലൗസുകളിൽ പകുതിയിലേറെയും ഉപയോഗിക്കാതെ ഗോഡൗണുകളിൽ സൂക്ഷിച്ച് നശിപ്പിച്ചു. ഇതുവഴി സർക്കാരിന് 7.09 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് ആരോഗ്യവകുപ്പിന്റെ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിലെ കണ്ടെത്തൽ.
അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും കെ.എം.എസ്.സി.എൽ. ജനറൽ മാനേജറായിരുന്ന എസ്.ആർ. ദിലീപ് കുമാറിനെ പ്രതിയാക്കണമെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. വിജിലൻസ് അന്വേഷണത്തിനായി റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് കൈമാറാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
2021 ജൂൺ, ജൂലൈ മാസങ്ങളിലാണ് ഉയർന്ന വിലയ്ക്ക് ഒരു കോടി ഗ്ലൗസുകൾ വാങ്ങാൻ തീരുമാനിച്ചത്. അഗ്രത അവോൺ എക്സിം എന്ന കമ്പനിയിൽനിന്ന് ഒരു ഗ്ലൗസിന് 12.10 രൂപ നിരക്കിലായിരുന്നു വാങ്ങൽ. കമ്പനിക്കു നൽകുന്നതിനുമുമ്പ് ചർച്ചകളോ വിലപേശലോ നടത്തിയിരുന്നില്ല. അതേസമയം, കരാർ കാലാവധിക്കുള്ളിൽ മുഴുവൻ ഗ്ലൗസുകളും എത്തിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു കമ്പനിയിൽനിന്ന് ഇതേ കാലയളവിൽ 7.72 രൂപയ്ക്കും തൊട്ടടുത്ത വർഷം 3.10 രൂപയ്ക്കും ഗ്ലൗസുകൾ വാങ്ങിയിരുന്നു.
കാർഷിക ഉപകരണങ്ങളടക്കം വിപണനം ചെയ്തിരുന്ന അഗ്രത കമ്പനിക്ക് 12 കോടി രൂപയുടെ ഓർഡർ നൽകിയതിലും മതിയായ സുരക്ഷാ ഉറപ്പില്ലാതെ 6,07,50,000 രൂപ മുൻകൂറായി നൽകിയതിലും ക്രമക്കേടുണ്ടെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. 15 ദിവസത്തിനകം മുഴുവൻ ഗ്ലൗസുകളും എത്തിക്കണമെന്നായിരുന്നു കരാർ. എന്നാൽ, 30 ദിവസംകൊണ്ട് 41.60 ലക്ഷം ഗ്ലൗസുകൾ മാത്രമാണ് കമ്പനി എത്തിച്ചത്.
17 ദിവസം പിന്നിട്ടപ്പോൾ പുതിയ ടെൻഡർ ക്ഷണിച്ച് മറ്റൊരു കമ്പനിക്ക് 7.72 രൂപ നിരക്കിൽ കരാർ നൽകി. ഇതിനു പിന്നാലെ അഗ്രത കമ്പനിയും ബാക്കിയുള്ള ഗ്ലൗസുകൾ തിരുവനന്തപുരം, എറണാകുളം ഗോഡൗണുകളിൽ എത്തിച്ചു. ഇവ സ്വീകരിച്ച് സൂക്ഷിച്ചശേഷമാണ് സപ്ലൈ ഓർഡർ റദ്ദാക്കി കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ ഉത്തരവിറക്കിയത്. ഉയർന്ന വിലയ്ക്ക് ഗ്ലൗസുകൾ വാങ്ങിയത് വിവാദമായതിനെ തുടർന്നാണ് ഈ നടപടിയെന്നാണ് സംശയം. ഇതോടെ ബാക്കി 6.07 കോടി രൂപ കമ്പനിക്ക് നൽകിയില്ല. ഇതുസംബന്ധിച്ച നിയമനടപടികൾ തുടരുകയാണ്.
കമ്പനി പിന്നീട് എത്തിച്ച 58.40 ലക്ഷം ഗ്ലൗസുകൾ ഗോഡൗണുകളിൽ ഉപയോഗിക്കാതെ കൂട്ടിയിട്ടതോടെ നശിച്ചുപോയി. ഇതിനിടെ മറ്റു കമ്പനികളിൽനിന്നും കോടിക്കണക്കിന് ഗ്ലൗസുകൾ വാങ്ങുകയും ചെയ്തു. ഉപയോഗിക്കാതെ ഗ്ലൗസുകൾ കാലഹരണപ്പെട്ടതിലൂടെ സർക്കാരിന് 7.09 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.