ബെംഗളൂരു: ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ 34കാരിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. മൃതദേഹം പാർക്കിലെ മാലിന്യക്കൂമ്പാരത്തിനടിയിൽ ചാക്കിലാക്കി ഒളിപ്പിക്കുകയും ചെയ്തു. രണ്ട് മാസത്തിലേറെ കഴിഞ്ഞ് സുജാതയെന്ന യുവതിയുടെ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സംഭവത്തിൽ 24കാരനായ ഭർത്താവ് ഫയാസ് പാഷ എന്ന കാളുവിനെ കൊഡിഗെഹള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
ചിക്കബല്ലാപുര സ്വദേശിയായ ഫയാസ് പാഷ സുജാതയുടെ രണ്ടാമത്തെ ഭർത്താവാണ്. കൊഡിഗെഹള്ളിയിലെ ഗുണ്ടാഞ്ജനേയ ക്ഷേത്ര പാർക്കിൽ നിന്നാണ് നവംബർ ആറിന് യുവതിയുടെ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ആക്രി ശേഖരിക്കാൻ ഉപയോഗിക്കുന്ന ചാക്കിനുള്ളിലായിരുന്നു അവശിഷ്ടങ്ങൾ. അസ്ഥികൂടങ്ങൾക്കിടയിൽ ഒരു ചെറിയ പൗച്ചിൽ നിന്ന് സുജാതയുടെ ആധാർ കാർഡും പാൻ കാർഡും പൊലീസ് കണ്ടെത്തി. തലയോട്ടി ചാക്കിൽ നിന്ന് ഏകദേശം 30 മീറ്റർ അകലെയായിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ സുജാതയുടെ ആദ്യ ഭർത്താവ് അഞ്ച് വർഷം മുമ്പ് മരിച്ചതായി പൊലീസ് കണ്ടെത്തി. ജക്കൂർ ലേഔട്ടിൽ താമസിച്ചിരുന്ന സുജാത തന്റെ അഞ്ച് മക്കളെയും സഹോദരിയുടെ വീട്ടിലാക്കി ആക്രി പെറുക്കുന്ന ജോലിക്ക് പോവുകയായിരുന്നു. ഇതിനിടെയാണ് തന്നേക്കാൾ 10 വയസ് പ്രായം കുറഞ്ഞ ഫയാസ് പാഷയുമായി അടുപ്പത്തിലായത്. ഫയാസും ആക്രി പെറുക്കുന്നതിനൊപ്പം നിർമാണത്തൊഴിലാളിയായും ജോലി ചെയ്തിരുന്നു. ഏകദേശം അഞ്ച് മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്.
എന്നാൽ വിവാഹത്തിന് പിന്നാലെ ബന്ധത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തു. സുജാതയുടെ പെരുമാറ്റം ശരിയല്ലെന്നും മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നും ഫയാസ് സംശയിച്ചു. ഇതേത്തുടർന്നുണ്ടായ തർക്കങ്ങൾക്കൊടുവിൽ ഇയാൾ സുജാതയെ ഉപേക്ഷിച്ചു. പിന്നീട് സുജാത തന്നെ ഫയാസിനെ സമീപിച്ച് വീണ്ടും ഒരുമിച്ച് ജീവിക്കണമെന്ന് ആവശ്യപ്പെട്ട് തിരികെ വരാൻ സമ്മതിപ്പിക്കുകയായിരുന്നു. എന്നാൽ ഫയാസ് തിരിച്ചെത്തിയതോടെ വീണ്ടും വഴക്കുകൾ പതിവായി. പാർക്കുകളിലും ബസ് സ്റ്റാൻഡുകളിലും മറ്റ് പൊതുസ്ഥലങ്ങളിലുമായിരുന്നു ഇരുവരും താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
രണ്ട് മാസത്തിലേറെ മുമ്പ് രാത്രിയിൽ പാർക്കിൽ വെച്ച് മദ്യപിച്ച ശേഷം ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ ഫയാസ് കത്തി ഉപയോഗിച്ച് സുജാതയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ആക്രി ശേഖരിക്കാൻ ഉപയോഗിച്ചിരുന്ന ചാക്കിൽ മൃതദേഹം നിറച്ച് പാർക്കിന്റെ ഒരു മൂലയിൽ തള്ളിയിട്ടിരുന്ന മാലിന്യക്കൂമ്പാരത്തിനടിയിൽ ഒളിപ്പിച്ചു. പിന്നീട് ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
നവംബർ ആദ്യവാരമാണ് പാർക്കിൽ അലഞ്ഞുനടന്ന ഒരു നായ തലയോട്ടി പുറത്തേക്ക് വലിച്ചിട്ടത്. ഇത് ശ്രദ്ധയിൽപ്പെട്ട പ്രഭാതസവാരിക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചാക്കിനുള്ളിൽ നിന്ന് അസ്ഥികൂടാവശിഷ്ടങ്ങളും പൗച്ചിൽ സൂക്ഷിച്ചിരുന്ന ആധാർ, പാൻ കാർഡുകളും കണ്ടെത്തിയത്. രേഖകളുടെ അടിസ്ഥാനത്തിൽ സുജാതയെ തിരിച്ചറിഞ്ഞ പൊലീസ് ഫയാസുമായുള്ള വിവാഹബന്ധവും കണ്ടെത്തി.
തുടർന്ന് യെലഹങ്കയിലെ റൈത്തറ സന്തെയിൽ നിന്ന് നവംബർ 18ന് ഫയാസ് പാഷയെ പൊലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ കൊലപാതകത്തെക്കുറിച്ച് ഇയാൾ കുറ്റസമ്മതം നടത്തിയതായാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുന്നതിനായി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.