സന: യെമനിലെ ഹൂത്തി വിമതരും സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായതോടെ ചെങ്കടൽ മേഖലയിൽ യുദ്ധഭീതി. ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള തന്ത്രപ്രധാനമായ ഹൊദൈദ തുറമുഖത്ത് ആക്രമണം നടത്തിയതായി സൗദി സഖ്യസേന അറിയിച്ചു. തുറമുഖം വഴിയുള്ള ഹൂത്തികളുടെ ആയുധക്കടത്ത് തടയുകയാണ് ലക്ഷ്യമെന്നാണ് വിശദീകരണം. സന, സാദ, തായിസ് മേഖലകളിലെ സൈനിക കേന്ദ്രങ്ങളിലും വ്യോമാക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഹൂത്തികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹൊദൈദ തുറമുഖത്ത് സൈനിക നടപടി ആരംഭിച്ചതിനു പിന്നാലെ പ്രദേശത്തെ സാധാരണക്കാർ ഒഴിഞ്ഞുപോകണമെന്ന് സൗദി സഖ്യസേന നിർദേശം നൽകി. ആയുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും കടത്താൻ ഹൂത്തികൾ ഉപയോഗിക്കുന്ന തുറമുഖത്തെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പ്രത്യേക ഓപ്പറേഷൻ ആരംഭിച്ചതായി സഖ്യസേന വക്താവ് തുർക്കി അൽ മാലികി അറിയിച്ചു. സന, സാദ, തായിസ് എന്നിവിടങ്ങളിലെ മിസൈൽ-ഡ്രോൺ നിർമാണ കേന്ദ്രങ്ങളും ആയുധ സംഭരണശാലകളും തകർത്തതായും സഖ്യസേന അവകാശപ്പെട്ടു. സൗദിക്ക് നേരെ വിക്ഷേപിച്ച ഒരു ബാലിസ്റ്റിക് മിസൈലും രണ്ട് ഡ്രോണുകളും വ്യോമപ്രതിരോധ സേന തകർത്തതായും റിപ്പോർട്ടുകളുണ്ട്.
ആക്രമണത്തിന് തിരിച്ചടിയായി ജിദ്ദ ഉൾപ്പെടെയുള്ള സൗദിയിലെ ചെങ്കടൽ തുറമുഖങ്ങൾ ലക്ഷ്യമിടുമെന്ന് ഹൂത്തികൾ ഭീഷണി മുഴക്കി. ഹൊദൈദ തുറമുഖത്തിന് നേരെ ആക്രമണം തുടർന്നാൽ ചെങ്കടൽ തീരത്തെ സൗദിയുടെ എല്ലാ തുറമുഖങ്ങളും ആക്രമിക്കുമെന്ന് ഹൂത്തി സൈനിക വക്താവ് യഹ്യ സാരി എക്സിലൂടെ മുന്നറിയിപ്പ് നൽകി. സൗദി തുറമുഖങ്ങളിലെ ജീവനക്കാരും തൊഴിലാളികളും ഉടൻ ഒഴിഞ്ഞുപോകണമെന്നും കപ്പൽ കമ്പനികൾ തങ്ങളുടെ കപ്പലുകൾ തുറമുഖങ്ങളിൽനിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.