ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കൈവശമുള്ള 36 റഫാൽ യുദ്ധവിമാനങ്ങളിൽ നാലെണ്ണം കാണാനില്ലെന്ന റിപ്പോർട്ടുമായി ബ്രിട്ടീഷ് വ്യോമയാന പ്രസിദ്ധീകരണമായ ഫ്ളൈറ്റ് ഗ്ലോബൽ. നിലവിൽ 32 റഫാൽ വിമാനങ്ങൾ മാത്രമാണ് പ്രവർത്തനക്ഷമമെന്നാണ് റിപ്പോർട്ടിലെ പരാമർശം. എന്നാൽ ഈ കണക്കുകൾ പൂർണമായും തെറ്റാണെന്ന് വ്യക്തമാക്കി ഇന്ത്യൻ വ്യോമസേനയുടെ മുൻ ഉപമേധാവി എയർ മാർഷൽ നർമദേശ്വർ തിവാരി രംഗത്തെത്തി. പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് വ്യോമസേനയിൽ സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം.
ഫ്ളൈറ്റ് ഗ്ലോബൽ പുറത്തിറക്കിയ പുതിയ വേൾഡ് എയർ ഫോഴ്സസ് ഡയറക്ടറിയിലാണ് ഇന്ത്യയുടെ റഫാൽ വിമാനങ്ങളുടെ എണ്ണം 32 ആയി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ നാലു വിമാനങ്ങളുടെ എണ്ണം കുറഞ്ഞതിന്റെ കാരണമോ അതിനുള്ള തെളിവുകളോ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ പട്ടികയിൽ റഫാൽ ഡിഎച്ച്/ഇഎച്ച് എന്ന വിഭാഗത്തിലാണ് വിമാനങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പ്രവർത്തനക്ഷമമായ വിമാനങ്ങളുടെ എണ്ണം 32 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഡിഎച്ച് എന്നത് രണ്ട് പൈലറ്റുമാർക്ക് ഇരിക്കാവുന്ന ഇരട്ടസീറ്റ് വിമാനത്തെയും ഇഎച്ച് എന്നത് ഒരാൾക്ക് മാത്രം ഇരിക്കാവുന്ന ഒറ്റസീറ്റ് വിമാനത്തെയും സൂചിപ്പിക്കുന്നു. ഫ്രാൻസിൽനിന്ന് ഇന്ത്യ വാങ്ങിയത് 28 ഒറ്റസീറ്റ് വിമാനങ്ങളും എട്ട് ഇരട്ടസീറ്റ് വിമാനങ്ങളുമാണ്.
കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂറിന് മാസങ്ങൾക്കുശേഷം ഫ്ളൈറ്റ് ഗ്ലോബൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ 35 റഫാൽ വിമാനങ്ങൾ പ്രവർത്തനക്ഷമമാണെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പുതിയ ഡയറക്ടറിയിൽ ഇത് 32 ആയി കുറഞ്ഞു. ഇതിനെതിരെയാണ് എയർ മാർഷൽ തിവാരി സാമൂഹികമാധ്യമമായ എക്സിലൂടെ പ്രതികരിച്ചത്. റിപ്പോർട്ടിലെ കണക്കുകൾ പൂർണമായും തെറ്റാണെന്ന് പറഞ്ഞ അദ്ദേഹം, ഫ്ളൈറ്റ് ഗ്ലോബലിന് വിവരങ്ങൾ നൽകുന്നവരുടെ വിശ്വാസ്യത പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ഇവർ നൽകിയ വിവരങ്ങൾ മുൻപും തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷത്തെ ഇന്ത്യ-പാക് സംഘർഷത്തിനിടെ വെടിവെച്ചിട്ടതായി പാകിസ്താൻ അവകാശപ്പെട്ട ചില ഇന്ത്യൻ റഫാൽ വിമാനങ്ങളുടെ തിരിച്ചറിയൽ നമ്പറുകൾ ഇതേ ആളുകൾ പുറത്തുവിട്ടിരുന്നു. എന്നാൽ ആ നമ്പറുകളിലുള്ള വിമാനങ്ങൾ പിന്നീട് വിവിധ അന്താരാഷ്ട്ര സൈനിക അഭ്യാസങ്ങളിൽ പങ്കെടുത്തതായി തിവാരി പറഞ്ഞു. തെറ്റായ വിവരങ്ങൾ നൽകുന്നവരെക്കുറിച്ച് ഫ്ളൈറ്റ് ഗ്ലോബൽ കൂടുതൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിതാ റഫാൽ പൈലറ്റായ സ്ക്വാഡ്രൺ ലീഡർ ശിവാംഗി സിങ്ങിനെക്കുറിച്ച് പാകിസ്താൻ നടത്തിയ വ്യാജപ്രചാരണവും തിവാരി ഓർമിപ്പിച്ചു. സംഘർഷത്തിനിടെ ശിവാംഗി സിങ്ങിന്റെ വിമാനം വെടിവെച്ചിട്ടെന്നും അവരെ പാക് സൈന്യം തടവിലാക്കിയെന്നുമായിരുന്നു ചില പാകിസ്താൻ മാധ്യമങ്ങളും സാമൂഹികമാധ്യമ അക്കൗണ്ടുകളും പ്രചരിപ്പിച്ചത്. എന്നാൽ ഇന്ത്യൻ വ്യോമസേന ഈ ആരോപണം അന്നുതന്നെ നിഷേധിച്ചിരുന്നു. പിന്നീട് ഹരിയാണയിലെ അംബാല വ്യോമതാവളത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനൊപ്പം പുഞ്ചിരിയോടെ നിൽക്കുന്ന ശിവാംഗിയുടെ ചിത്രം പുറത്തുവന്നതോടെ പ്രചാരണം പൊളിഞ്ഞു. ശിവാംഗി യുദ്ധത്തടവുകാരിയായെന്ന വ്യാജവിവരം പ്രചരിപ്പിച്ച അതേ ആളുകളാണ് ഫ്ളൈറ്റ് ഗ്ലോബലിന് തെറ്റായ കണക്കുകൾ നൽകിയതെന്നും തിവാരി ആരോപിച്ചു.
2025 മേയ് ഏഴിന് കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് തിരിച്ചടിയായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ആക്രമണം നടത്തി. പാകിസ്താന്റെ 11 സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടു. മേയ് 10-ന് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിക്കുകയും വെടിനിർത്തൽ പ്രഖ്യാപിക്കുകയും ചെയ്തു.
സംഘർഷത്തിനിടെ ഇന്ത്യയ്ക്ക് വിമാനനഷ്ടങ്ങളും തന്ത്രപരമായ പിഴവുകളും സംഭവിച്ചിട്ടുണ്ടെന്ന് അന്നത്തെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ ഉൾപ്പെടെയുള്ള മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥർ പിന്നീട് സമ്മതിച്ചിരുന്നു. എന്നാൽ നാല് റഫാൽ വിമാനങ്ങൾ നഷ്ടപ്പെട്ടെന്ന പാകിസ്താന്റെ അവകാശവാദം അവർ നിഷേധിച്ചു. പരീക്ഷയിൽ പ്രധാനം ഫലമാണെന്നും പെൻസിൽ ഒടിഞ്ഞോ പേന നഷ്ടമായോ എന്നതല്ലെന്നുമായിരുന്നു പിന്നീട് പാർലമെന്റിലെ ചർച്ചയ്ക്കിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രതികരണം.
ഫ്ളൈറ്റ് ഗ്ലോബലിന്റെ കണക്കുകൾ ചോദ്യം ചെയ്യപ്പെടാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്ന മറ്റൊരു രേഖ ഈ വർഷം ജൂണിൽ ഇന്ത്യൻ വ്യോമസേന പുറത്തിറക്കിയ ടെൻഡറാണ്. വ്യോമസേനയുടെ കൈവശമുള്ള 36 റഫാൽ വിമാനങ്ങൾക്കും ‘ബ്രിഡ്ജ് സപ്പോർട്ട്’ നൽകുന്നതിനുള്ള കരാറിനാണ് ടെൻഡർ ക്ഷണിച്ചത്. വിമാനങ്ങളുടെ സാങ്കേതിക സഹായവും ആവശ്യമായ ഉപകരണങ്ങളും മറ്റ് സാധനങ്ങളും ലഭ്യമാക്കുന്നതിനുള്ള ഇടക്കാല കരാറാണിത്. 36 വിമാനങ്ങൾക്കും പിന്തുണ ആവശ്യപ്പെട്ടത് മുഴുവൻ വിമാനങ്ങളും വ്യോമസേനയുടെ കൈവശമുണ്ടെന്ന വാദത്തിന് ബലമേകുന്നതായാണ് വിലയിരുത്തൽ.
അതേസമയം, ഫ്രാൻസിൽനിന്ന് 114 റഫാൽ വിമാനങ്ങൾ കൂടി വാങ്ങാനുള്ള ആലോചനയിലാണ് ഇന്ത്യ. നാവികസേനയ്ക്കായി 26 റഫാൽ വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിലും ഇന്ത്യ ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്.