പശ്ചിമ ബംഗാൾ: ഡാർജിലിങ്ങിൽ ഹണിമൂൺ ആഘോഷത്തിനിടെ ബാർബിക്യൂ ചെയ്യുന്നതിനിടെ തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ നവവധു ചികിത്സയിലിരിക്കെ മരിച്ചു. നികിത സാഹയാണ് അപകടം നടന്ന് ഏകദേശം രണ്ട് മാസത്തിന് ശേഷം വ്യാഴാഴ്ച മരണത്തിന് കീഴടങ്ങിയത്.
സെപ്റ്റംബർ 13നായിരുന്നു സംഭവം. ഭർത്താവ് സമീർ ദാസിനൊപ്പം ഡാർജിലിങ്ങിലെ സ്വകാര്യ ഹോംസ്റ്റേയിൽ താമസിക്കുകയായിരുന്നു നികിത. ഹണിമൂണിന്റെ ഭാഗമായി ഇരുവരും ബാർബിക്യൂ ചെയ്യുന്നതിനിടെ നികിതയുടെ വസ്ത്രങ്ങളിൽ പെട്ടെന്ന് തീപിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന നികിതയുടെ ആരോഗ്യനില കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൂടുതൽ വഷളാവുകയായിരുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ ഭീകരത വ്യക്തമായത്. ബാർബിക്യൂ ഗ്രില്ലിന് സമീപം ദമ്പതികൾ ഇരിക്കുന്നതിനിടെ എതിർവശത്തിരുന്ന ഒരാൾ എഴുന്നേറ്റ് കാനിൽനിന്ന് ദ്രാവകം തീയിലേക്ക് ഒഴിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. പിന്നാലെ തീ പെട്ടെന്ന് ആളിപ്പടർന്ന് വലിയ തീഗോളമായി മാറുകയും സമീപത്തിരുന്ന നികിതയുടെ ദേഹത്തേക്ക് പടരുകയുമായിരുന്നു. നിമിഷങ്ങൾക്കകം തീയിൽ പൊതിഞ്ഞ നികിത നിലത്തേക്ക് വീണു. ഭർത്താവ് സമീർ ഉടൻതന്നെ ഓടിയെത്തി തീ അണച്ച് ഭാര്യയെ രക്ഷിക്കാൻ ശ്രമിച്ചു. തീയിലേക്ക് ദ്രാവകം ഒഴിച്ചയാളും തന്റെ ടീ ഷർട്ട് ഊരിയെടുത്ത് തീ അണയ്ക്കാൻ ശ്രമിക്കുന്നതായി ദൃശ്യങ്ങളിലുണ്ട്. ഹോംസ്റ്റേ ജീവനക്കാരും മറ്റുള്ളവരും ഓടിയെത്തി തീ അണയ്ക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് നികിതയെ ആശുപത്രിയിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടത്തി.
അപകടത്തിന് പിന്നാലെ ഹോംസ്റ്റേ അധികൃതർക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സമീർ രംഗത്തെത്തിയിരുന്നു. ബാർബിക്യൂ ഗ്രില്ലിന് സമീപം എണ്ണയുടെ ഡ്രം സൂക്ഷിച്ചിരുന്നതായും ജീവനക്കാർ തീയിലേക്ക് കത്തുന്ന സ്വഭാവമുള്ള ദ്രാവകം ഒഴിച്ചതാണ് തീ ആളിപ്പടരാൻ കാരണമായതെന്നുമായിരുന്നു സമീറിന്റെ ആരോപണം. എന്നാൽ ആരോപണങ്ങൾ ഹോംസ്റ്റേ ഉടമ നിഷേധിച്ചു. റിസോർട്ട് ജീവനക്കാരനല്ലാത്ത തിരിച്ചറിയാത്ത ഒരാളാണ് തീയിലേക്ക് ദ്രാവകം ഒഴിച്ചതെന്നായിരുന്നു ഉടമയുടെ വിശദീകരണം.