പാലക്കാട്: പത്മജ വേണുഗോപാലും പത്മിനി തോമസും ബിജെപിയിൽ നിന്ന് പുറത്തുപോകുന്ന സാഹചര്യത്തിൽ ബിജെപി ദേശീയ സെക്രട്ടറിയും വക്താവുമായ അനിൽ ആന്റണിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ഡോ.ജിൻറോ ജോൺ. താൻ ബിജെപി വിടാനുദ്ദേശിക്കുന്നില്ലെന്നു അനിൽ വ്യക്തമാക്കിയിരുന്നു, ഈ സാഹചര്യത്തിലാണ് ദൈവത്തെയോർത്ത് ബിജെപി വിടരുത്. അവർക്ക് അങ്ങനെയെങ്കിലും ഒരു ശിക്ഷയിരിക്കട്ടെയെന്ന് ജിന്റോ ഫേസ്ബുക്കിലൂടെ പരിഹസിച്ചത്. കോൺഗ്രസ് വളക്കൂറിൽ വളർന്നു തടിച്ചപ്പോൾ തള്ളിപ്പറഞ്ഞുപോയി ബിജെപിയിൽ ചേക്കേറിയ ശേഷം അവിടന്ന് വോളന്ററി റിട്ടർമെന്റ് എടുക്കുന്നവരെ സ്വീകരിക്കാൻ ഇനി പരവതാനി ബാക്കിയില്ലെന്നും ജിന്റോ കുറിച്ചു.
ഡോ. ജിന്റോ ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
ദൈവത്തെയോർത്ത് ബിജെപി വിടരുത്. അവർക്ക് അങ്ങനെയെങ്കിലും ഒരു ശിക്ഷയിരിക്കട്ടെ. ഇനി ഇയാള് കൂടി അവിടം വിട്ട് ഇങ്ങോട്ട് വണ്ടിപിടിച്ച് ബുദ്ധിമുട്ടാക്കരുത്. പ്ലീസ്. കോൺഗ്രസ്സ് വളക്കൂറിൽ വളർന്നു തടിച്ചപ്പോൾ തള്ളിപ്പറഞ്ഞുപോയി ബിജെപിയിൽ ചേക്കേറിയ ശേഷം അവിടന്ന് വോളന്ററി റിട്ടർമെന്റ് എടുക്കുന്നവരെ സ്വീകരിക്കാൻ ഇനി പരവതാനി ബാക്കിയില്ല അനിൽ ജീ🙏 അങ്ങ് ബിജെപി വിടാതിരിക്കാൻ വേണമെങ്കിൽ കൃപാസനത്തിൽ ഞാനും പ്രാർത്ഥിക്കാം🙏🙏 എന്റെ മാതാവേ ഇയാൾക്ക് ബുദ്ധി കൊടുക്കല്ലേ, 125 വർഷം കഴിഞ്ഞ് ഭാരതത്തെ വികസിപ്പിക്കാൻ മോദിജീയുടെ കരങ്ങൾക്ക് ശക്തി പകരാനുള്ള പോരാളിയാണേ🙏🙏🙏
അതേസമയം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ. ആൻറണിയുടെ മകൻറെ ബിജെപി പ്രവേശനം ദേശീയ തലത്തിൽ തന്നെ വലിയ വാർത്തയായിരുന്നു. 2023ലാണ് അനിൽ ആൻറണി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. നിലവിൽ ബിജെപി ദേശീയ സെക്രട്ടറിയും വക്താവുമായി പ്രവർത്തിക്കുന്ന അനിൽ ആൻറണി, പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുകയും ചെയ്തിരുന്നു.
പത്മജയും പത്മിനിയും മടങ്ങുന്നു എന്ന വാർത്തകൾക്കിടയിൽ, അനിൽ ആൻറണിയുടെ ഭാവി നീക്കങ്ങൾ എന്തായിരിക്കുമെന്ന ആകാംക്ഷ ശക്തമാണ്. അനിൽ ആൻറണിയും കോൺഗ്രസിലേക്ക് തിരിച്ചുവരണമെന്നാണ് തൻറെ ആഗ്രഹമെന്ന് പത്മജ വ്യാഴാഴ്ച പ്രതികരിച്ചിരുന്നു. എന്നാൽ അനിൽ പാർട്ടി വിടുന്നതായി സൂചനകളില്ല. താൻ ബിജെപി വിടില്ലെന്നും പാർട്ടിയിൽ സജീവമായി തുടരുമെന്നും അനിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.