ആറ്റിങ്ങൽ: വാഹന പരിശോധനയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. ആറ്റിങ്ങൽ മണനാക്ക് സ്വദേശി ആഷിക്കിനെയാണ് പോലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പിടികൂടിയത്.
വ്യാഴാഴ്ച രാത്രി ആറ്റിങ്ങൽ കച്ചേരി ജംഗ്ഷന് സമീപം നടന്ന വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. ആലംകോട് ഭാഗത്തുനിന്ന് അമിതവേഗതയിലെത്തിയ കാറിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് വാഹനം നിർത്താൻ ഉദ്യോഗസ്ഥർ കൈകാണിച്ചെങ്കിലും നിർത്താതെ മുന്നോട്ട് പായാൻ ശ്രമിച്ചു.
ഇതിനിടെ വാഹനം തടയാൻ ശ്രമിച്ച മറ്റൊരു ഉദ്യോഗസ്ഥനെ കാർ ഇടിക്കുകയും, ഇടിയുടെ ആഘാതത്തിൽ ഉദ്യോഗസ്ഥൻ കാറിൻറെ ബോണറ്റിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. പിന്നാലെ കാർ പിന്നോട്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ മറ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് സാഹസികമായി തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു.
അതേസമയം നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തിയതിന് ഇയാൾക്ക് മോട്ടോർ വാഹന വകുപ്പ് 42,000 രൂപ പിഴ ചുമത്തി. ഉദ്യോഗസ്ഥൻറെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും അപായപ്പെടുത്താൻ ശ്രമിച്ചതിനും ആറ്റിങ്ങൽ പോലീസ് കേസെടുത്തു. ഇയാളുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.