തിരുവനന്തപുരം: കോവളത്ത് യുവാവിനെ കൈകൾ പിന്നിലേക്കു കൂട്ടിക്കെട്ടി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയെന്നു നാട്ടുകാർ. ഉച്ചക്കട സ്വദേശി ശരണി(26)നെയാണു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് കൈകളും പിന്നിലേക്കു കൂട്ടിപ്പിടിച്ച് തുണികൊണ്ടു കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. ഇതോടെയാണു നാട്ടുകാർ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയത്.
അവിവാഹിതനായ ശരണും അമ്മയും മാത്രമാണു വീട്ടിലുള്ളത്. പാചകത്തൊഴിലാളിയായ അമ്മ ഇന്നലെ രാത്രി കല്യാണത്തിനു സദ്യയൊരുക്കാൻ പോയതിനാൽ ശരൺ ഒറ്റയ്ക്കായിരുന്നു വീട്ടിലുണ്ടായിരുന്നത്. രാത്രി 11 ന് ശേഷവും ഫോണിൽ വിളിച്ചിട്ട് എടുക്കാതെ വന്നതോടെ സുഹൃത്ത് വന്ന് നോക്കിയപ്പോഴാണ് ശരൺ തൂങ്ങി നിൽക്കുന്നത് കണ്ടത്.
ഓൺലൈൻ ഇടപാടിലൂടെ ശരണിനു പണം നഷ്ടമായിട്ടുണ്ടെന്നും അതിന്റെ വിഷമത്തിലാണ് ആത്മഹത്യയെന്നുമാണ് സംശയിക്കുന്നത്. മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്നു പോലീസ് അറിയിച്ചു. അതേസമയം ആത്മഹത്യയാണെന്നാണു പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.