വാഷിങ്ടൺ: ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മതവിഭാഗമെന്ന സ്ഥാനം 2035-ഓടെ ക്രൈസ്തവരിൽനിന്ന് മുസ്ലിംകൾ സ്വന്തമാക്കുമെന്ന് പ്യൂ റിസർച്ച് സെന്ററിന്റെ പഠനറിപ്പോർട്ട്. ആഗോളതലത്തിൽ ക്രൈസ്തവ ജനസംഖ്യയിലും വർധനയുണ്ടാകുമെങ്കിലും മുസ്ലിം ജനസംഖ്യയിലുണ്ടാകുന്ന വളർച്ചയേക്കാൾ വേഗം കുറവായിരിക്കും. വരുംദശകങ്ങളിൽ ആഫ്രിക്കൻ രാജ്യങ്ങളിലായിരിക്കും ജനസംഖ്യാ വർധന ഏറ്റവും ശക്തമാകുകയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
2020-ലെ കണക്കുകൾ പ്രകാരം ലോകത്ത് 227 കോടി ക്രൈസ്തവരും 202 കോടി മുസ്ലിംകളുമാണുള്ളത്. 2035-ഓടെ മുസ്ലിം ജനസംഖ്യ 257 കോടിയായി ഉയരുമ്പോൾ ക്രൈസ്തവരുടെ എണ്ണം 252 കോടിയിലെത്തും. നിലവിലെ പ്രവണത തുടരുകയാണെങ്കിൽ 2070-ഓടെ മുസ്ലിം ജനസംഖ്യ 360 കോടിയിലധികമാകും. അതേസമയം, ക്രൈസ്തവ ജനസംഖ്യ 300 കോടിയിൽ താഴെയായിരിക്കുമെന്നാണ് വിലയിരുത്തൽ. ആഗോള ജനസംഖ്യയിലെ ഹിന്ദു മതവിശ്വാസികളുടെ വിഹിതത്തിൽ നേരിയ കുറവുണ്ടാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
മതപരിവർത്തനത്തേക്കാൾ ഉയർന്ന ജനനനിരക്കാണ് ഈ ജനസംഖ്യാ മാറ്റത്തിന് പ്രധാന കാരണമെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. 2020-നും 2025-നും ഇടയിൽ മുസ്ലിം സ്ത്രീകളിലെ ശരാശരി ജനനനിരക്ക് 3.1 ആയിരുന്നു. ക്രൈസ്തവ സ്ത്രീകളിൽ ഇത് 2.5 ആണ്. മറ്റ് മതവിഭാഗങ്ങളിൽപ്പെടുന്ന സ്ത്രീകളുടെ ശരാശരി ജനനനിരക്ക് 1.6 മാത്രമാണ്. ജനസംഖ്യ നിലനിർത്താൻ ആവശ്യമായ 2.1 എന്ന നിരക്കിനേക്കാൾ താഴെയാണിത്.
ഹിന്ദു ജനസംഖ്യയുടെ ആകെ എണ്ണത്തിൽ വർധനയുണ്ടാകുമെങ്കിലും ആഗോള ജനസംഖ്യയിലെ അവരുടെ വിഹിതം കുറയും. ജൂത ജനസംഖ്യയിലും സമാനമായ പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ബുദ്ധമതക്കാരുടെ ആകെ എണ്ണത്തിലും ലോകജനസംഖ്യയിലെ അവരുടെ അനുപാതത്തിലും ഗണ്യമായ കുറവുണ്ടാകും. ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ ജനസംഖ്യാ ഇടിവാണ് ഇതിന് പ്രധാന കാരണം.
ബഹായികൾ, താവോയിസ്റ്റുകൾ, ജൈനർ, സിഖുകാർ, ഗോത്ര-നാടോടി മതവിശ്വാസികൾ തുടങ്ങിയ വിഭാഗങ്ങളുടെ ആകെ എണ്ണത്തിൽ നേരിയ വർധനയുണ്ടാകുമെങ്കിലും 2070-ഓടെ ആഗോള ജനസംഖ്യയിലെ ഇവരുടെ വിഹിതം രണ്ട് ശതമാനത്തിൽ താഴെയായി ചുരുങ്ങും. ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ (Religious Nones) ജനസംഖ്യാ വിഹിതത്തിലും കുറവുണ്ടാകുമെന്നാണ് പ്രവചനം. 2020-ൽ ലോകജനസംഖ്യയുടെ 24 ശതമാനമായിരുന്ന ഇവരുടെ വിഹിതം 2070-ഓടെ 17 ശതമാനമായി താഴും.
2020-നും 2070-നും ഇടയിൽ ആഗോള ജനസംഖ്യ 29 ശതമാനം വർധിക്കുമെന്നാണ് കണക്ക്. ഈ നൂറ്റാണ്ടിലെ ജനസംഖ്യാ വളർച്ചയുടെ ഭൂരിഭാഗവും ആഫ്രിക്കൻ രാജ്യങ്ങളിലായിരിക്കും. പ്രത്യേകിച്ച് സഹാറ മരുഭൂമിക്ക് തെക്കുള്ള സബ് സഹാറൻ ആഫ്രിക്കൻ മേഖലയിൽ വലിയ വർധനയുണ്ടാകും. 2070-ഓടെ ലോകജനസംഖ്യയുടെ നാലിലൊന്നിലധികം പേർ ഈ മേഖലയിൽ താമസിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും ക്രൈസ്തവരോ മുസ്ലിംകളോ ആണ്. ഉയർന്ന ജനനനിരക്കും ആയുർദൈർഘ്യത്തിലെ വർധനവും ഇരു മതവിഭാഗങ്ങളുടെയും ആഗോള ജനസംഖ്യ ഉയരാൻ കാരണമാകും.
ലോകത്തെ ക്രൈസ്തവ ജനസംഖ്യയുടെ പകുതിയിലധികവും സബ് സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളിലായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു. ഏറ്റവും കൂടുതൽ ക്രൈസ്തവരുള്ള രാജ്യമെന്ന സ്ഥാനത്ത് അമേരിക്കയെ പിന്തള്ളി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എത്തും. അമേരിക്കയിൽ ക്രൈസ്തവർ ഏറ്റവും വലിയ മതവിഭാഗമായി തുടരുമെങ്കിലും ജനസംഖ്യയുടെ ഭൂരിപക്ഷമാകണമെന്നില്ല.
ഏറ്റവും കൂടുതൽ മുസ്ലിംകളുള്ള രാജ്യമായി പാകിസ്താൻ മാറും. നിലവിൽ ഒന്നാം സ്ഥാനത്തുള്ള ഇന്തോനേഷ്യയെ പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തും. നൈജീരിയ മൂന്നാമതും ഇന്തോനേഷ്യ നാലാമതുമാകും. എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഹിന്ദു ജനസംഖ്യയിൽ ഏറ്റവും വലിയ വർധനയുണ്ടാകുന്നത് ഇന്ത്യയിലായിരിക്കുമെങ്കിലും അമേരിക്ക ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ വളർച്ചാനിരക്ക് കൂടുതൽ ഉയർന്നതായിരിക്കും.
ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ ജനസംഖ്യ കുറയുന്നതിനൊപ്പം അവിടങ്ങളിലെ ബുദ്ധമതക്കാരുടെ എണ്ണവും പകുതിയിലധികമായി ചുരുങ്ങും. മതവിശ്വാസമില്ലാത്തവരുടെ എണ്ണം മിക്ക രാജ്യങ്ങളിലും വർധിക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ, ഈ വിഭാഗത്തിന് നിലവിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ചൈനയിലെ മൊത്തം ജനസംഖ്യ കുറയുന്നതിനാൽ ആഗോളതലത്തിൽ ഇവരുടെ വിഹിതം താഴും. ലോകത്തെ ജൂത ജനസംഖ്യയുടെ 62 ശതമാനവും 2070-ഓടെ ഇസ്രയേലിലായിരിക്കും. 2020-ൽ ഇത് 46 ശതമാനമായിരുന്നു.
യൂറോപ്പിലെ ആകെ ജനസംഖ്യ 2070-ഓടെ 17 ശതമാനം കുറയുമെന്നും പഠനം പ്രവചിക്കുന്നു. മേഖലയിലെ ക്രൈസ്തവരുടെ എണ്ണം 50.5 കോടിയിൽനിന്ന് 32.4 കോടിയായി കുറയും. അതേസമയം, യൂറോപ്പിലെ മുസ്ലിം ജനസംഖ്യാ വിഹിതം ആറു ശതമാനത്തിൽനിന്ന് 13 ശതമാനമായി ഉയരും. 2020 മുതൽ 2070 വരെയുള്ള ആഗോള ജനസംഖ്യാ പഠന പദ്ധതിയുടെ ഭാഗമായാണ് പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട് തയ്യാറാക്കിയത്. പ്രായഘടന, ജനനനിരക്ക്, കുടിയേറ്റം, മതപരമായ മാറ്റങ്ങൾ തുടങ്ങിയ ഘടകങ്ങൾ പഠനത്തിൽ പരിഗണിച്ചിട്ടുണ്ട്.