ഗാസ: സൈനിക നടപടികളുടെ ആദ്യഘട്ടത്തിൽ 35 ലക്ഷത്തോളം പലസ്തീനികളുടെ ചിത്രങ്ങൾ ആമസോണിന്റെ ക്ലൗഡ് പ്ലാറ്റ്ഫോമിലേക്ക് ഇസ്രയേൽ സൈന്യം അപ്ലോഡ് ചെയ്തുവെന്ന് റിപ്പോർട്ട്. ആമസോണിന്റെ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പലസ്തീനികളുടെ ചിത്രങ്ങൾ വിശകലനം ചെയ്യുന്നതിനും മുഖം തിരിച്ചറിയുന്നതിനുമായിരുന്നു നീക്കം. അമേരിക്കൻ സാങ്കേതികവിദ്യാ കമ്പനിയായ ആമസോണിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത സംവിധാനമായ റെക്കഗ്നിഷൻ (Rekognition) ഇതിനായി ഉപയോഗിച്ചതായി ‘ദി ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തു.
‘റോളിങ് സ്റ്റോൺ’ എന്നറിയപ്പെടുന്ന ഇസ്രയേൽ സൈനിക വിഭാഗമാണ് ദശലക്ഷക്കണക്കിന് ചിത്രങ്ങൾ ആമസോണിന്റെ ക്ലൗഡ് സംവിധാനത്തിലേക്ക് അപ്ലോഡ് ചെയ്തത്. വെസ്റ്റ് ബാങ്കിലും ഗാസയിലും താമസിക്കുന്ന പലസ്തീനികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്ന ഇസ്രയേൽ സൈനിക സംവിധാനത്തിന്റെ പേരിൽ നിന്നാണ് ഈ വിഭാഗത്തിന് റോളിങ് സ്റ്റോൺ എന്ന പേര് ലഭിച്ചത്. 2024ന്റെ തുടക്കത്തിൽ തന്നെ ചിത്രങ്ങൾ അപ്ലോഡ് ചെയ്യാനുള്ള തീരുമാനം ആമസോണിനെ അറിയിച്ചിരുന്നു. തുടർന്ന് റെക്കഗ്നിഷൻ പ്ലാറ്റ്ഫോമിൽ മുഖം തിരിച്ചറിയാനുള്ള പദ്ധതി നടപ്പാക്കുകയായിരുന്നു.
പലസ്തീനികളുടെ വിവരശേഖരണത്തിന് ആമസോണിന്റെ സേവനങ്ങൾ
2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ ഗാസയിൽ കരയുദ്ധം ആരംഭിച്ചതോടെ ചെക്ക്പോസ്റ്റുകളിലൂടെ കടന്നുപോകുന്ന പലസ്തീനികളുടെ ചിത്രങ്ങൾ സൈന്യം വ്യാപകമായി ശേഖരിച്ചിരുന്നു. ഇവർക്കൊപ്പം വ്യക്തിപരവും രഹസ്യസ്വഭാവമുള്ളതുമായ വിവരങ്ങളും പലപ്പോഴും അവരുടെ സമ്മതമില്ലാതെ ശേഖരിച്ചിരുന്നതായാണ് റിപ്പോർട്ട്. എന്നാൽ ആമസോണിന്റെ റെക്കഗ്നിഷൻ സംവിധാനത്തിലേക്ക് അപ്ലോഡ് ചെയ്ത ചിത്രങ്ങൾ ചെക്ക്പോസ്റ്റുകളിൽനിന്ന് പകർത്തിയവയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഗാസയിലെ സൈനിക നീക്കങ്ങളുടെ ആദ്യഘട്ടത്തിൽ സായുധസംഘങ്ങൾ ബന്ദികളാക്കിയവരെ തിരിച്ചറിയുന്നതിനും ഇസ്രയേൽ സൈന്യം റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നു. സൈനികർ തീവ്രവാദികളാണെന്ന് സംശയിക്കുന്നവരെ തിരിച്ചറിയുന്നതിനും മുഖം തിരിച്ചറിയൽ സംവിധാനം പ്രയോജനപ്പെടുത്തിയിരുന്നു.
ഇസ്രയേലും ആമസോണും തമ്മിലുള്ള സഹകരണത്തിന്റെ അടിസ്ഥാനം 2021ൽ ഒപ്പുവെച്ച ‘പ്രോജക്ട് നിംബസ്’ (Project Nimbus) എന്ന കരാറാണ്. കോടിക്കണക്കിന് ഡോളറിന്റെ ഈ കരാറിന്റെ ഭാഗമായി ആമസോൺ വെബ് സർവീസസും (AWS) ഗൂഗിളും ഇസ്രയേൽ സർക്കാരിനും സൈന്യത്തിനും ക്ലൗഡ് സേവനങ്ങൾ നൽകുന്നുണ്ട്.
അതുപോലെ കരാറിലെ ചില വ്യവസ്ഥകളും പ്രത്യേക ശ്രദ്ധ നേടിയിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. സേവന വ്യവസ്ഥകൾ ലംഘിച്ചാലും ഇസ്രയേൽ സർക്കാരിന്റെയും സൈന്യത്തിന്റെയും ക്ലൗഡ് സേവനങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനോ നിർത്തിവയ്ക്കാനോ അമേരിക്കൻ കമ്പനികൾക്ക് കഴിയാത്ത തരത്തിലുള്ള വ്യവസ്ഥകൾ കരാറിലുണ്ടെന്നാണ് റിപ്പോർട്ട്.
2023ന്റെ തുടക്കത്തിൽ ഇസ്രയേലിൽ പുതിയ ഡാറ്റാ സെന്ററുകൾ ആമസോൺ ആരംഭിച്ചിരുന്നു. ഇതോടെ ഇസ്രയേൽ സർക്കാരിനും സൈന്യത്തിനും സ്വന്തം സെർവറുകളിൽ സൂക്ഷിച്ചിരുന്ന വിവരങ്ങൾ ആമസോണിന്റെ ക്ലൗഡ് സംവിധാനത്തിലേക്ക് മാറ്റാൻ സാധിച്ചു. 2023ൽ തന്നെ റോളിങ് സ്റ്റോൺ വിഭാഗം വലിയ അളവിലുള്ള വിവരങ്ങൾ AWS ക്ലൗഡിലേക്ക് മാറ്റിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കെടുത്ത സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്തത്, ചിത്രങ്ങൾ, വീഡിയോകൾ, രഹസ്യാന്വേഷണ വിവരങ്ങൾ തുടങ്ങി എല്ലാ രഹസ്യ വിവരങ്ങളും ക്ലൗഡിലേക്ക് മാറ്റാനായിരുന്നു പദ്ധതിയെന്നാണ്.
സൈനിക നടപടികളുമായും രഹസ്യാന്വേഷണ പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട അതീവ രഹസ്യവിവരങ്ങൾ സൂക്ഷിക്കാൻ ടെൽ അവീവിലെ ഡാറ്റാ സെന്ററുകളിൽ പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടുകൂടിയ വേർതിരിച്ച ഇടവും ആമസോൺ ഒരുക്കിയിരുന്നു. ‘വാൾഡ് ഗാർഡൻ’ (Walled Garden) എന്നറിയപ്പെടുന്ന ഈ സംവിധാനത്തിൽ മെച്ചപ്പെട്ട ഡിജിറ്റൽ സുരക്ഷയ്ക്കും ഭൗതിക സുരക്ഷയ്ക്കും പ്രാധാന്യം നൽകിയിരുന്നു.
2024ൽ ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥർ ആമസോണിന്റെ ടെൽ അവീവ് ഓഫീസിൽ പ്രവർത്തിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ ഇത് സാധാരണ ഉപഭോക്തൃ ഇടപെടലുകളുടെ ഭാഗമാണെന്നാണ് ആമസോൺ വിശദീകരിച്ചത്.
വിവരങ്ങൾ വിശദീകരിക്കുന്നതിനും യോഗങ്ങളിൽ പങ്കെടുക്കുന്നതിനുമായി ഉപഭോക്താക്കൾ പതിവായി തങ്ങളുടെ ഓഫീസുകൾ സന്ദർശിക്കാറുണ്ടെന്ന് ആമസോൺ വക്താവ് പറഞ്ഞു. ഇത്തരം സന്ദർശനങ്ങളെ സാധാരണ ഉപഭോക്തൃ ഇടപെടലുകളിൽനിന്ന് വ്യത്യസ്തമായി ചിത്രീകരിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും കമ്പനി പ്രതികരിച്ചു.