ബംഗളൂരു: ഗുജറാത്ത് കലാപക്കേസിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരായ അന്വേഷണം തടഞ്ഞത് യുപിഎ സർക്കാരിന്റെ കാലത്തു ചില കോൺഗ്രസ് നേതാക്കളാണെന്നു കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീരപ്പ മൊയ്‌ലിയുടെ വെളിപ്പെടുത്തൽ. 2010-11 കാലഘട്ടത്തിൽ കേന്ദ്ര നിയമ മന്ത്രിയായിരുന്നു വീരപ്പ മൊയ്‌ലി.
ഇപ്പോൾ നമ്മൾ അതിന്റെ ഫലം അനുഭവിക്കുകയാണെന്നും കൂടുതൽ വിശദാംശങ്ങൾ നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധിയുടെ ‘ബിലോങ്ങിങ്- എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകം ബംഗളൂരുവിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരുന്നു ജയിലിൽപോയ ആദ്യത്തെയാൾ. അങ്ങനെ സംഭവിച്ചിരുന്നില്ലെങ്കിൽ അദ്ദേഹം ആഭ്യന്തരമന്ത്രിയും ഇപ്പോൾ കാണുന്ന ശക്തനായ നേതാവുമാകുമായിരുന്നില്ല. അദ്ദേഹത്തിന്റെ കേസ് ഗുജറാത്തിന് പുറത്താണ് വിചാരണ ചെയ്തത്. അദ്ദേഹം നാടുകടത്തപ്പെട്ടതുപോലെയാണ് ജീവിച്ചിരുന്നതെന്നും മൊയ്‌ലി കൂട്ടിച്ചേർത്തു.
അടുത്തത് മോഡിയുടെ ഊഴമായിരുന്നു. അദ്ദേഹവും നാടുകടത്തപ്പെടുമായിരുന്നു. എന്നാൽ, അന്നത്തെ നമ്മുടെ സ്വന്തം യു.പി.എ. സർക്കാർ ആ അന്വേഷണം തടസ്സപ്പെടുത്തുകയായിരുന്നുവെന്നും മൊയ്‌ലി വെളിപ്പെടുത്തി. അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് അല്ല, മറിച്ച് മറ്റുചില നേതാക്കളാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ മോദിക്ക് കീഴിൽ തങ്ങൾ അത് അനുഭവിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.