കൊച്ചി: കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സി.ഐ.ഐ.) ആഭിമുഖ്യത്തിൽ പതിമൂന്നാമത് സി.ഐ.ഐ. കേരള ഹെൽത്ത് ടൂറിസവും എട്ടാമത് സി.ഐ.ഐ. ഗ്ലോബൽ ആയുർവേദ സമ്മിറ്റും എക്സ്പോയും (Global Ayurveda Summit & Expo) നവംബർ 20, 21 തീയതികളിൽ കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നടക്കും. പത്ത് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ പങ്കാളിത്തത്തോടെ നടക്കുന്ന സംയുക്ത ഉച്ചകോടിയിൽ 800 പ്രതിനിധികളും 50 എക്സിബിറ്റേഴ്സും 70 പ്രഭാഷകരും 2,000 സന്ദർശകരും പങ്കെടുക്കും.
ഉച്ചകോടിയുടെ മുന്നോടിയായി കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സി.ഐ.ഐ. കേരള വൈസ് ചെയർമാൻ സന്തോഷ് കുമാർ വിവരങ്ങൾ പങ്കുവെച്ചു. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും ചുമതലയുള്ള സഹമന്ത്രി പ്രതാപ്‍റാവു ജാദവ് ഉച്ചകോടി ഉദ്ഘാടനം ചെയ്യും. കേരള സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. കേരളത്തിന്റെ ടൂറിസം, ആരോഗ്യ വകുപ്പുകൾ, നാഷണൽ ആയുഷ് മിഷൻ, കെ.എസ്.ഐ.ഡി.സി. തുടങ്ങിയവയുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ആരോഗ്യ രംഗത്തെയും ആയുർവേദത്തിന്റെയും സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയാണ് ലക്ഷ്യമിടുന്നതെന്ന് സി.ഐ.ഐ. ഗ്ലോബൽ ആയുർവേദ ഉച്ചകോടി ചെയർമാൻ ഡോ. എസ്. സജി കുമാർ പറഞ്ഞു. യുകെ, യുഎസ്, ജർമ്മനി, ഒമാൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി 2025-ൽ എട്ടു ലക്ഷത്തിലധികം വിദേശികൾ കേരളം സന്ദർശിച്ചിട്ടുണ്ടെന്നും ഇതിൽ 60 മുതൽ 70 ശതമാനം പേരും ആയുർവേദ ചികിത്സയ്ക്കായി എത്തിയവരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒമാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, കസാഖ്സ്ഥാൻ, ബൾഗേറിയ, കെനിയ, സുഡാൻ, സൗദി അറേബ്യ, ബഹ്റൈൻ, യു.എ.ഇ. എന്നീ പത്ത് രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. എ.എം.എ.ഐ., എ.എം.എം.ഒ.ഐ., എ.എച്ച്.എം.എ. എന്നിവയുടെ സഹകരണത്തോടെ വിവിധ സാങ്കേതിക സെഷനുകളും ചർച്ചകളും നടക്കും.
മെഡിക്കൽ ടൂറിസം രംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണെന്ന് സി.ഐ.ഐ. കേരള ഹെൽത്ത് ടൂറിസം ചെയർമാനും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടറുമായ ഡോ. പി.വി. ലൂയിസ് വ്യക്തമാക്കി. വലിയ നഗരങ്ങളിൽ മാത്രമായി ഒതുങ്ങാതെ കേരളത്തിലെ എല്ലാ ജില്ലകളിലും അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രികളും വിദഗ്ദ്ധ ഡോക്ടർമാരുമുണ്ടെന്നത് സംസ്ഥാനത്തിന്റെ വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. രോഗികളുടെ സുരക്ഷ, ക്ലിനിക്കൽ ഫലങ്ങൾ, ഡിജിറ്റൽ ആരോഗ്യ രംഗത്തെ കൃത്രിമബുദ്ധി (AI) എന്നിവ ചർച്ച ചെയ്യുന്ന പ്രത്യേക ബി.ടു.ബി. യോഗങ്ങളും അന്താരാഷ്ട്ര സന്ദർശകരെയും ഈ ഉച്ചകോടിയിലൂടെ സ്വാഗതം ചെയ്യും.
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ആയുർവേദ മേഖല വഹിക്കുന്ന പങ്ക് വലുതാണ് . ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള റീജിയണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ആയുർവേദ ഉൽപ്പന്ന മേഖലയ്ക്കായി ‘സിദ്ധി 3.0’ (SIDDHI 3.0) ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. പുതിയ ഉൽപ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്നതിനുള്ള പ്രത്യേക വേദിയും ഇത്തവണ ഒരുക്കിയിട്ടുണ്ട്.. ആധുനിക ആയുർവേദ നിർമ്മാണം, ആഗോള ബ്രാൻഡിംഗ്, ഇൻഷുറൻസ് സേവനങ്ങൾ എന്നിവ ഉച്ചകോടിയിൽ ചർച്ച ചെയ്യും.