ന്യൂഡൽഹി: ഗവർണറുടെ ശുപാർശ മറയാക്കി പിണറായി വിജയനും സംഘവും പിഎസ്സിയിൽനിന്ന് കാണിച്ചിരിക്കുന്ന വൃത്തിക്കേടിൽനിന്ന് രക്ഷപ്പെടാമെന്ന് വിചാരിക്കേണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ താൻ കൂടുതലൊന്നും പറയുന്നില്ലെന്നും സതീശൻ പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങളോട് ചോദിക്കാതെ പിഎസ്സി അംഗങ്ങളെ പിരിച്ചുവിടാൻ ശുപാർശ ചെയ്ത ഗവർണറുടെ നടപടി തെറ്റാണ്. അത് ഭരണഘടനാ വിരുദ്ധമാണ്. എന്നാൽ അതിന്റെ പേരിൽ പിണറായി വിജയനും സംഘവും പിഎസ്സിയിൽനിന്ന് കാണിച്ചിരിക്കുന്ന വൃത്തിക്കേടിൽനിന്ന് രക്ഷപ്പെടാമെന്ന് വിചാരിക്കേണ്ട. എല്ലാം പുറത്തുകൊണ്ടുവരും. കേരളത്തിലെ യുവജനങ്ങളെ മുഴുവൻ ചതിച്ച സർക്കാരായിരുന്നു പിണറായിയുടേത്. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഞാൻ കൂടുതലൊന്നും പറയുന്നില്ല’- സതീശൻ പറഞ്ഞു.
അതുപോലെ പ്രാഥമികമായി കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഞെട്ടലിലാണ് താൻ. കേരളം തകർന്നുപോകുന്ന കാര്യങ്ങളാണ് വരാൻ പോകുന്നത്. ഒന്നും വെറുതെ വിടില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു. ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ വരില്ലെന്ന് പറയാൻ ആരാണ് പിഎസ് സി ചെയർമാനെന്നും മുഖ്യമന്ത്രി ചോദിച്ചു. ‘മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ ഹാജരാകേണ്ടി വരും. പിഎസ്സി ചെയർമാൻ ഏത് കൊമ്പത്തെ ആളാണ്. നിയമത്തിന് അതീതനാണോ അദ്ദേഹം. അത്രയും വലിയ കുഴപ്പം ചെയ്ത് വെച്ചിട്ട് വരില്ലെന്ന് പറയുകയാണ്’ മുഖ്യമന്ത്രി പറഞ്ഞു.
ഇത്രയും കുഴപ്പം ചെയ്ത് വെച്ചിട്ടാണ് എൽപിഎസ്ടി സമരത്തിൽ എൽഡിഎഫ് നേതാക്കൾ പോയിരിക്കുന്നത്. അധ്യാപകരുടെ 500 റിട്ടയർമെന്റ് വേക്കൻസി വന്നാൽ 15000 പേരുടെ ലിസ്റ്റ് പിഎസ് സി ഇടും. തൊട്ടപ്പുറത്ത് ഡിവിഷൻഫോൾ വന്ന് 1500 പേരുടെ ജോലി നഷ്ടപ്പെടുന്നുണ്ടാകും. ഇല്ലാത്ത വേക്കൻസിക്ക് ലിസ്റ്റ് ഉണ്ടാക്കിവിടുകയാണിവർ ചെയ്തിരുന്നത്. എന്നിട്ട് ഒന്നാം റാങ്കുകാരന് പോലും നിയമനമില്ലാത്ത അവസ്ഥ സൃഷ്ടിച്ചു. എന്നിട്ടാണ് ഇവർ ഈ സമരത്തിൽ ചെന്നിരിക്കുന്നത്. അതിലും വലിയ വിരോധാഭാസം ഇല്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു.