തിരുവനന്തപുരം: എൽപിഎസ്ടി നിയമനത്തിൽ വീട്ടുവീഴ്ചയ്ക്ക് സർക്കാർ ഒരുങ്ങി. അധ്യാപക – വിദ്യാർഥി അനുപാതം 1:25 ആക്കിയേക്കുമെന്ന് റിപ്പോർട്ട്. സമരക്കാരുമായി ചർച്ച നടത്താൻ മന്ത്രിസഭായോഗം വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീനെ ചുമതലപ്പെടുത്തി. സമരക്കാരുടെ നിലപാട് കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. അതേസമയം സർക്കാരിന്റെ സാമ്പത്തികബാധ്യതയും ചർച്ചയിൽ ഉന്നയിക്കും. ചർച്ചയ്ക്ക് തയ്യാറെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സുമായി ഇനിയൊരു ചർച്ചയുടെ സാഹചര്യമില്ലെന്ന് രണ്ടാഴ്ച മുൻപ് പറഞ്ഞ വിദ്യാഭ്യാസമന്ത്രിയാണ് പിന്നീട് നിലപാട് മയപ്പെടുത്തിയത്. പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയതാണെന്നും ചർച്ചയ്ക്ക് സർക്കാർ സന്നദ്ധമെന്നും വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി.
അതേസമയം നിരാഹാരം തുടരുന്ന വളർമതിയുടെ ആരോഗ്യാവസ്ഥ മോശമായി തുടരുന്ന സാഹചര്യത്തിലാണ് സർക്കാരിൻറെ അനുനയനീക്കം. സെക്രട്ടറിയേറ്റിനു മുന്നിലെ സമരം 136-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. 24 ദിവസമായി നിരാഹാരം തുടരുന്ന വളർമതി നിലവിൽ തിരുവനന്തപുരം ജനറൽ ആശുപത്രി ഐസിയുവിലാണ്. ഡിവിഷൻ ഫോൾ വന്ന സ്കൂളുകളിലെങ്കിലും അനുപാതം കുറയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സുള്ളത്.