പേട്ട: ആശുപത്രിക്കെതിരായ വ്യാജവാർത്ത പിൻവലിക്കാൻ ഡോക്ടറിൽനിന്ന് പത്തുലക്ഷം രൂപ വാങ്ങുന്ന തിരുവനന്തപുരം ഡിസിസി അംഗം സുഹൈൽ ഷാജഹാന്റെ ദൃശ്യങ്ങൾ പുറത്ത്. പണം നൽകിയാൽ ആശുപത്രിക്കെതിരെ ഇനി വാർത്തകളൊന്നും വരില്ലെന്ന് ഉറപ്പുനൽകുന്ന ശബ്ദരേഖയും പുറത്തുവന്നു. അറസ്റ്റിലായ സുഹൈലിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. നെഞ്ചുവേദനയെന്നത് അഭിനയമാണെന്നാണ് പോലീസിന്റെ സംശയം.
എ.കെ.ജി സെന്ററിന് നേരെ ബോംബെറിഞ്ഞ കേസിലും പ്രതിയാണ് സുഹൈൽ ഷാജഹാൻ. കൊച്ചിയിൽ ഗുണ്ടകളെ സംഘടിപ്പിച്ച് ‘തൂഫാൻ യോഗം’ നടത്തിയതും ഇയാളാണെന്നാണ് റിപ്പോർട്ട്. ഡോക്ടറെ ഭീഷണിപ്പെടുത്തുന്ന വിവരം ആശുപത്രി അധികൃതർ പേട്ട പോലീസിനെ അറിയിച്ചിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തി പണം വാങ്ങുന്നതിനിടെ പോലീസ് സുഹൈലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സുഹൈൽ സമാനമായ രീതിയിൽ മറ്റ് ആശുപത്രികളിൽനിന്നും പണം തട്ടാൻ ശ്രമിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. എ.കെ.ജി സെന്ററിന് നേരെ ബോംബാക്രമണം നടത്തിയ കേസിൽ വിദേശത്തേക്ക് കടന്ന സുഹൈലിനെ ഇന്റർപോളിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.